പ്രകാശ് വർമ്മ
ആലപ്പുഴ സ്വദേശിയായിരുന്ന പ്രകാശ് വർമ്മ പ്രശസ്ത അഭിനേതാവായിരുന്ന ജഗന്നാഥ വർമ്മയുടെ ജ്യേഷ്ഠപുത്രനാണ്. കുട്ടിക്കാലം മുതൽക്കുതന്നെ വലിയ സിനിമാപ്രേമിയായിരുന്നു പ്രകാശ്. സംഗീതം, ചിത്രരചന, അഭിനയം എന്നിവയോട് വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം ഒന്നര വർഷം Torrent Pharamaceuticals -ൽ മെഡിക്കൽ റെപ്രസെന്ററ്റീവായി ജോലി ചെയ്തതിനുശേഷമാണ് ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നത്.
ചെറിയച്ഛൻ ജഗന്നാഥ വർമ്മയുടെ മകളുടെ ഭർത്താവായ സംവിധായകൻ വിജി തമ്പിയുടെ സംവിധാന സഹായിയായി മനോജ് കെ ജയൻ, ദിലീപ്, മോഹിനി എന്നിവർ അഭിനയിച്ച മാന്ത്രികക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു പ്രകാശ് വർമ്മ സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ആ സിനിമയിലെ അസോസിയേറ്റ് ക്യാമറമാൻ ആയിരുന്നു നൈസാം സലാം ആദ്യമായി സംവിധാനം ചെയ്ത സയാമീസ് ഇരട്ടകൾ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇതിനിടയ്ക്ക് ലോഹിതദാസിനെ സ്ഥിരമായി പോയി കാണുകയും അസിസ്റ്റൻ്റ് ആവാൻ അവസരങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമയിലും പ്രകാശ് സംവിധാന സഹായിയായി. അതിനിടെയാണ് വി കെ പ്രകാശിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിൻ്റെ Trends Advertising നിർമ്മിക്കുന്ന പരസ്യ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതും. വി കെ പ്രകാശ് സംവിധാനം ചെയ്ത പുനരധിവാസം എന്ന സിനിമയിൽ അസോസിയേറ്റ് ഡയരക്ടറായും പ്രവർത്തിച്ചു. ട്രെൻഡിൽ വെച്ച് പരിചയപ്പെട്ട സ്നേഹ ഐപ്പിനെയാണ് പ്രകാശ് വർമ്മ വിവാഹം ചെയ്തത്.
രണ്ടായിരത്തിന്റെ തുടക്കത്തിൽ പ്രകാശ് വർമ്മയും സ്നേഹയും ചേർന്ന് നിർവ്വാണ ഫിലിംസ് എന്ന പരസ്യ ചിത്ര നിർമ്മാണ കമ്പനി ബാംഗ്ലൂരിൽ ആരംഭിച്ചു. നിർവ്വാണയിലൂടെ പുറത്ത് വന്ന പരസ്യങ്ങൾ ഇന്ത്യമുഴുവൻ വലിയതോതിൽ ജനപ്രീതി നേടി. Hutch മൊബൈൽസിൻ്റെ "You and I" എന്ന പരസ്യം Hutch മൊബൈൽസിന് മികച്ച കസ്റ്റമർ ബേസ് ഉണ്ടാക്കി കൊടുത്തു. മാത്രമല്ല pug എന്ന ബ്രീഡ് നായക്കുട്ടികളെ നിരവധി ഇന്ത്യൻ കുടുംബങ്ങളിലെ ഒരു അംഗമാക്കി മാറ്റാനും ആ ഒരൊറ്റ പരസ്യത്തിന് സാധിച്ചു. ഇനി വോഡഫോൺ ZooZoo പരസ്യങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ആകർഷിച്ച zozoo characters ഉള്ള പരസ്യങ്ങൾ... ദുബായ് ടൂറിസത്തിന് വേണ്ടി ഷാരൂക്ക് ഖാനെ ഉൾപ്പെടുത്തി ചെയ്ത "be my guest" എന്ന പ്രശസ്തമായ പരസ്യം.. നൻപകൽ നേരത്ത് മയക്കം സിനിമ എടുക്കാൻ പ്രചോദനമായി മാറിയ Greenply പ്ലൈവുഡിൻ്റെ പരസ്യം...ഈ പരസ്യങ്ങൾ എല്ലാം സംവിധാനം ചെയ്തത് പ്രകാശ് വർമ്മയായിരുന്നു. കാഡ്ബറി, ടൈറ്റാൻ വാച്ചുകൾ, താജ് മഹൽ ടീ, coca cola, Bisleri, I phone, Netflix, Phone Pe തുടങ്ങി മുൻ നിര ബ്രാൻഡുകളുടെ പരസ്യങ്ങൾ, ഇന്ത്യ ടൂറിസത്തിന് വേണ്ടി ചെയ്ത "incredible india" പരസ്യ സീരീസ്, കേരളം, രാജസ്ഥാൻ, ദാമൻ ഡ്യൂ തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ ടൂറിസം പരസ്യങ്ങൾ, ഫഹദ് - നസ്രിയ ഒന്നിച്ച് അഭിനയിച്ച Camerry ഐസ് ക്രീമിൻ്റെ പരസ്യം... തുടങ്ങിയവ പ്രകാശ് വർമ്മ സംവിധാനം ചെയ്ത നൂറ് കണക്കിന് പരസ്യങ്ങളിൽ ചിലത് മാത്രമാണ്.
2025 -ൽ തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രകാശ് വർമ്മ അഭിനയരംഗത്ത് തുടക്കം കുറിച്ചു.


