പമ്മൻ

Pamman

കെ രാമൻ മേനോന്റെയും മാധവിക്കുട്ടി അമ്മയുടെയും മകനായി 1920 ഫെബ്രുവരി 23 ആം തിയതി കൊല്ലം പ്ലാമൂട്ടിലാണ് ആർ പി  പരമേശ്വരമേനോൻ എന്ന പമ്മൻ ജനിച്ചത്.

കൊല്ലം ഗവർമെന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവർമെന്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയ ഇദ്ദേഹം കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലി നോക്കി.

പിന്നീട് 1946 മുതൽ 1980 വരെ പശ്ചിമ റെയിൽ‌വേ ഉദ്യോഗസ്ഥനായ ഇദ്ദേഹം റെയിൽ‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ജിനിയർ ആയാണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്.

മുപ്പതോളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും നാല് നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികൾ ലൈംഗികതയുടെ അതിപ്രസരം മൂലം പലപ്പോഴും വിമശന വിധേയമാക്കപ്പെട്ടിട്ടുണ്ട്.

ഭ്രാന്ത് എന്ന നോവലിലൂടെ മാധവിക്കുട്ടിയെ  ഇദ്ദേഹം പരോക്ഷമായ് അവഹേളിച്ചത് മലയാളസാഹിത്യ രംഗത്ത് ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ഇദ്ദേഹത്തെ തേടി 1975 ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 1974 ൽ ചട്ടക്കാരി  എന്ന ചിത്രത്തിലൂടെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

2007 ജൂൺ 3 ആം തിയതി തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് തന്റെ 87 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. കമലാ മേനോനാണ് ഭാര്യ.