കുഞ്ഞുണ്ണി മാഷ്
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (1927 - 2006). ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953 -ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982 -ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987 -ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച കവിതകളായിരുന്നു കുഞ്ഞുണ്ണി മാഷുടെ കവിതകൾ.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. കവി എന്നതിനു പുറമേ ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണി മാഷ്. നിരവധി ചിത്രങ്ങൾ അദ്ധേഹം വരച്ചിട്ടുണ്ട്.
സിനിമകൾക്ക് വേണ്ടിയും കുഞ്ഞുണ്ണിമാഷ് പാട്ടുകൾ എഴുതിയിട്ടുണ്ട്. 1982 -ൽ സ്നേഹപൂർവം മീര എന്ന ചിത്രത്തിന് വേണ്ടിയും 1988 -ൽ അമ്മാനം കിളി എന്ന ചിത്രത്തിനു വേണ്ടിയും അദ്ധേഹം ഗാനങ്ങൾ രചിച്ചു. 1993 -ൽ കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന സിനിമയിൽ കുഞ്ഞുണ്ണി മാഷ് ഒരു വേഷം ചെയ്തിട്ടുണ്ട്.
2006 മാർച്ചിൽ കുഞ്ഞുണ്ണി മാഷ് നിര്യാതനായി.
കുഞ്ഞുണ്ണി മാഷിന്റെ പുസ്തകങ്ങൾ -
ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിയുടെ കവിതകൾ
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)