ശരത്ബാബു
തെന്നിന്ത്യൻ ചലച്ചിത്ര താരം. 1951 ജൂലൈ 31-ന് ആന്ധ്രാപ്രദേശിലെ ശ്രീകാംകുളത്ത് ജനിച്ചു. സത്യം ബാബു ദീക്ഷിതലു എന്നായിരുന്നു യഥാർത്ഥ നാമം. ബിസിനസ്സ് കുടുംബമായിരുന്നു ശരത് ബാബുവിന്റേത്. പഠനത്തിനു ശേഷം ബിസിനസ്സ് ഏറ്റെടുത്തു നടത്താനായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമയോട് തോന്നിയ താത്പര്യം ശരത് ബാബുവിനെ ഒരു അഭിനേതാവാക്കി. 1973-ൽ രാമരാജ്യം എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 1978-ൽ നിഴൽ നിജമഗിരതു എന്ന തമിഴ് സിനിമയിലെ ശരത് ബാബുവിന്റെ വേഷം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. 1979-ൽ ശരപഞ്ജരം എന്ന സിനിമയിലൂടെയാണ് ശരത് ബാബു മലയാളത്തിലെത്തുന്നത്. തുടർന്ന് പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. ശരത് ബാബു കൂടുതൽ അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. നൂറിലധികം തമിഴ് ചിത്രങ്ങളിലും,എൺപതിലധികം തെലുങ്കു സിനിമകളിലും ഇരുപതോളം കന്നഡ ചിത്രങ്ങളിലും ചില ഹിന്ദി സിനിമകളിലും ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ചവയിൽ ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു.
ശരത് ബാബുവിന്റെ ആദ്യം വിവാഹം ചെയ്തത് രാമപ്രഭയെയായിരുന്നു. അവർ പിന്നീട് വിവാഹമോചിതരായി. പിന്നീട് അദ്ദേഹം സ്നേഹ നമ്പ്യാരെ വിവാഹം ചെയ്തു.