ഗഫൂർ പൊക്കുന്ന്
മലയാള ചലച്ചിത്ര,നാടക നടൻ. കോഴിക്കോട് ജില്ലയിലെ പൊക്കുന്നിൽ അബ്ദുവിന്റെയും റഹ്മത്തിന്റെയും മകനായി ജനിച്ചു. നഗരം കാലിക്കറ്റ് സ്കൂളിലായിരുന്നു ഗഫൂറിന്റെ വിദ്യാഭ്യാസം. അദ്ധേഹത്തിന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവിനുണ്ടായ ഒരു അപകടത്തെ തുടർന്ന് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം അമ്മാവൻമാരുടെ കൂടെ സെൻട്രൽ മാർക്കറ്റിൽ മീൻ വെട്ടുന്ന ജോലി ചെയ്യേണ്ടിവന്നു. മീൻ വെട്ടു ജോലിയുമായി ജീവിതം മുന്നോട്ട് നീക്കുന്നതിനോടൊപ്പം ഗഫൂറിന് അഭിനയ മോഹവുമുണ്ടായിരുന്നു.
വടക്കാംഞ്ചേരി അകലെ തിയ്യേറ്റേൾസിന്റെ "വീണ്ടും ഹജ്ജിന് " എന്ന നാടകത്തിൽ ഒരു പോസ്റ്റുമാന്റെ വേഷമഭിനയിച്ചുകൊണ്ട് ഗഫൂർ തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പിന്നീട് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. അഭിനയത്തോടൊപ്പം തന്നെ തന്റെ മീൻ വെട്ടു ജോലിയും അദ്ദേഹം തുടർന്ന് കൊണ്ടുപോയി. അതിനിടയിൽ "ചിരി ബോംബ്" എന്ന നാടകം രചിച്ച് അരങ്ങിലെത്തിച്ചു. പ്രശസ്ത സിനിമാതാരം കുതിരവട്ടം പപ്പുവായിരുന്നു നാടകം സംവിധാനം ചെയ്തത്. അതിനുശേഷം കുതിരവട്ടം പപ്പു ഗഫൂറിനെ ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പരിചയപ്പെടുത്തിക്കൊടുത്തു. വി എം വിനുവിന്റെ ചിത്രമായ ആകാശത്തിലെപ്പറവകൾ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഗഫൂർ സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടർന്ന് ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പെൺ പട്ടണം, യെസ് യുവറോണർ, സൂര്യൻ... എന്നീ വി എം വിനു ചിത്രങ്ങളുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു. ഹരിദാസ് സംവിധാനം ചെയ്ത ജമീന്ദാർ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം ഒരു പ്രധാന വേഷത്തിലഭിനയിച്ചുവെങ്കിലും ആ സിനിമ റിലീസ് ചെയ്തില്ല.
ഇതിനിടയിൽ പലപ്പോഴായി താൻ എഴുതിയവയൊക്കെ ചേർത്ത് പഴയ "ചിരി ബോംബിന്റെ ബലത്തിൽ ഗഫൂർ ഒരു തിരക്കഥ രചിച്ചിട്ടുണ്ട്. അത് സിനിമയാക്കാനുള്ള തെയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ആറു മനമേ എന്ന ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും ഗഫൂർ അഭിനയിക്കുന്നുണ്ട്. തന്റെ കലാപ്രവർത്തനങ്ങളോടൊപ്പം മീൻ വെട്ടുന്ന ജോലിയും തുടർന്നു പോരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ പല ഹോട്ടലുകൾക്കും മീൻ വെട്ടി കൊടുക്കുന്നത് അദ്ധേഹത്തിന്റെ കടയിൽ നിന്നാണ്.
ഗഫൂറിന്റെ ഭാര്യ ഉമ്മുക്കുൽസു. രണ്ടാണും രണ്ടു പെണ്ണുമായി നാലു മക്കളാണ് ഗഫൂറിനുള്ളത്. അവർ ഇർഷാദ്, ഇർഫാന, ഇബിനഷ, ഇസ്ഹാഖ്. പൊക്കുന്നമാണ് സ്വദേശമെങ്കിലും ഗഫൂർ ഇപ്പോൾ താമസിയ്ക്കുന്നത് മാന്തറായിപ്പാടത്താണ്.
https://m.facebook.com/story.php?story_fbid=2806637899360599&id=12162133...