മാളവിക അനില്‍കുമാര്‍

Malavika Anilkumar
ആലപിച്ച ഗാനങ്ങൾ: 3

കര്‍ണ്ണാടിക് കച്ചേരികളില്‍ നിന്നും റിയാലിറ്റിഷോ വേദികളിലെത്തി, ഇന്നേവരെ പങ്കെടുത്ത എല്ലാ റിയാലിറ്റി ഷോകളിലും ഒന്നാം സമ്മാനം നേടിയ മാളവിക അനിൽകുമാർ. കൈരളി ചാനലിലെ ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍, ഗന്ധര്‍വ്വ സംഗീതം ടീന്‍സ് എന്നിവയില്‍ വിജയി. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7ലെയും വിജയി മാളവികയായിരുന്നു. മൂന്നു റിയാലിറ്റി ഷോകളിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ഇപ്പോള്‍ സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാവുകയാണ് തൃശ്ശൂര്‍ സ്വദേശിനി മാളവിക അനില്‍കുമാര്‍.അക്കു അക്ബറിന്റെ ചിത്രമായ വെറുതെ ഒരു ഭാര്യയിലെ ഓം കാരം ശംഖില്‍ എന്ന പാട്ടുപാടി സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ മാളവിക ഉലകനായകന്‍ കമലഹാസന്റെ ‘പാപനാശം’ എന്ന സിനിമയിലൂടെ തമിഴകത്തും തന്റെ സ്വരസാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തൃശൂര്‍ തലക്കോട്ടുകരയിലെ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. സംഗീത കുടുംബത്തില്‍ നിന്നു തന്നെയാണ് മാളവികയും എത്തുന്നത്. ചെറുമകളുടെ പാടാനുള്ള വൈഭവം തിരിച്ചറിഞ്ഞത് മുത്തശ്ശനാണ്, ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായിരുന്ന ഡോ. കെ രാജ്‌മോഹനാണ് മാളവികയുടെ മുത്തശ്ശന്‍. കണിമംഗലത്ത് മോഹനത്തിലെ അനില്‍കുമാറും ബിന്ദുവുമാണ് മാളവികയുടെ മാതാപിതാക്കള്‍. ഇരുവരും കേരള ഗ്രാമീണ്‍ബാങ്ക് ജീവനക്കാരാണ്.