മലബാർ മനോഹരൻ
മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയാണ് മലബാർ മനോഹരൻ. കെ.ടി. മുഹമ്മദിന്റെ സംഗമം തിയേറ്റേഴ്സിന്റെ കൂടെയാണ് നാടകരംഗത്തേയ്ക്കെത്തുന്നത്. സാക്ഷാത്കാരം, ഗോപുരനടയില്‍ തുടങ്ങിയ നാടകങ്ങളിലൂടെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. ടി.ജി. രവി, എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നൂറിലേറെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കോഴിക്കോട് കലാനിലയത്തിന്റെ "രക്തരക്ഷസ്സ് " എന്ന നാടകത്തില്‍ ആദ്യമായി പാടിയതോടെയാണ് കേരളത്തിലെ നാടകഗാനങ്ങളുടെ ഗായകനും രചയിതാവുമായി അറിയപ്പെടുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് കെ.ആര്‍. മോഹനന്‍ സംവിധാനംചെയ്ത് ശ്രീനിവാസന്‍ അഭിനയിച്ച സ്വരൂപം എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് മലബാർ മനോഹരൻ ചലച്ചിത്ര സംഗീതരംഗത്ത് അരങ്ങേറുന്നത്. അതിനുശേഷം കണ്ണൻ സൂരജ് സംവിധാനം ചെയ്ത യാനം മഹായാനം, കെ ആർ മോഹനന്റെ പുരുഷാർത്ഥം എന്നീ സിനിമകൾക്കും സംഗീതം പകർന്നു.
കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ വിക്രമന്‍ നായര്‍ സംവിധാനംചെയ്ത ഭാഗ്യരേഖ എന്ന നാടകത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും പ്രഥമ ടിയാര്‍സി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലബാർ മനോഹരന്റെ ഭാര്യ: രംഭ. മക്കള്‍: സംഗീതസംവിധായകനും ഗായകനുമായിരുന്ന പരേതനായ ജിജോ മനോഹരന്‍ (ജഫ്രിജിത്ത്), സംഗീത (അധ്യാപിക), മഹേഷ് (സഹസംവിധായകന്‍).......