അക്കിത്തം
അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18 ആം തിയതി പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു.
എട്ടുവയസ്സുമുതൽ കവിതയെഴുതുമായിരുന്ന അദ്ദേഹം കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താൽപര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങിയെങ്കിലും വേദവും ഇംഗ്ലിഷും കണക്കും തമിഴും അദ്ദേഹം പഠിച്ചു.
തുടർന്ന് തൃശൂർ മംഗളോദയം പ്രസിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി. വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്ന അദ്ദേഹം ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ചു.
യോഗക്ഷേമം/മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്ന അദ്ദേഹം അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്/ കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975 ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികൾ.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാല്പത്തിയാറോളം കൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി പത്മശ്രീ/കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാർഡുകൾ/ഓടക്കുഴൽ അവാർഡ്/എഴുത്തച്ഛൻ പുരസ്കാരം/വയലാർ അവാർഡ്/
നാലപ്പാടൻ അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ വന്നിട്ടുണ്ട്.
പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ/പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ എന്നിവരാണ് മക്കൾ/ പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.
94 വയസ്സായിരുന്ന അദ്ദേഹം ഇന്ന് 2020 ഒക്ടോബർ 15 ആം തിയതി രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.