വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ


വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..

6TUK4ZkLx20

കഥക്ക് ബലം കൊടുക്കുന്ന ഉപകഥകൾ. മണിച്ചിത്രത്താഴിന്റെ കഥ രൂപപ്പെട്ട് വരുമ്പോൾ‌ ഗംഗക്ക് നാഗവല്ലിയിലേക്ക് വേഷപ്പകർച്ചയുണ്ടാവുന്ന കഥ തീരുമാനമായി. പക്ഷേ നാഗവല്ലിയുടെ ആഭരണങ്ങളും മറ്റും എടുത്ത് പെരുമാറുന്ന ശോഭനക്ക് മാത്രമിതെങ്ങനെ നാഗവല്ലിയുടെ മണമടിക്കുന്നു ? നാഗവല്ലിയുടെ കഥ കേട്ടയുടനെ കേറിയങ്ങ് മനോരോഗിയാകുമോ ? തെക്കിനിയിലെ ഭ്രാന്തമാർന്ന കഥകളിലേക്കവളെ വലിച്ചടുപ്പിച്ചതിന് എന്തെങ്കിലും കാരണം വേണം. അതിനവൾക്ക് പണ്ടെവിടെയോ മനോരോഗം വേണം.എങ്ങനെയതുണ്ടാകും ? ചുമ്മാതെ കേറി മനോരോഗമങ്ങുണ്ടാകുമോ ?. സ്ത്രീപുരുഷബന്ധങ്ങളിലെവിടെയോ ഉണ്ടാവുന്ന ഒരു സമനിലതെറ്റൽ ആദ്യമേ വേണ്ടെന്ന് വച്ചതിനാൽ മറ്റൊരു കാരണം കൂടിയേ തീരൂ. ഒരു ദിവസം മധുവുമൊത്ത് മുട്ടത്ത് പോയിത്തിരികെ വരുമ്പോ കല്പകവാടിയിൽ ചായകുടിക്കാനിറങ്ങി.തിരക്കഥാകൃത്ത് ചെറിയാനും പുതിയ സിനിമയുടെ കഥാ ചർച്ചയാണെന്നറിഞ്ഞപ്പോൾ കൂടി. നിലവിൽ ഗംഗയേ ചുറ്റിപ്പറ്റി നിൽക്കുന്ന‌ പ്രതിസന്ധിയേക്കുറിച്ചറിഞ്ഞപ്പോൾ "പണ്ടെപ്പോഴെങ്കിലും മാനസികരോഗം വന്നിട്ടുള്ളയാൾക്ക് ചികിത്സിച്ച് ഭേദമാക്കിയാലും ചില പ്രത്യേക സാഹചര്യങ്ങളിൽ വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്ന്" ചെറിയാൻ പറഞ്ഞു. മധുവിന്റെയും എന്റെയും മനസിലത് പതിഞ്ഞു. പണ്ടെങ്ങോ ഗംഗക്ക് മാനസികരോഗമുണ്ടായിട്ടുണ്ട്. എങ്ങനെ ? ആലോചകൾ തകൃതിയായി നടന്നെങ്കിലും ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല. അങ്ങനിരിക്കുമ്പോൾ ഒരു ദിവസം മധു എന്റെ വീട്ടിൽ വന്നു. കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു പഴയ ആഴ്ച്ചപ്പതിപ്പുമുണ്ടായിരുന്നു. ഞാനത് വെറുതേ മറിച്ച് നോക്കി.പേജുകൾക്കിടയിൽ നിന്നൊരു‌ തുണ്ട് കടലാസ് താഴെ വീണു. അതിൽ മധുവിന്റെ കൈയക്ഷരം. ഞാൻ ചോദിച്ചു എന്തായിത് ? ഓ..അത് ഞാൻ പണ്ടെങ്ങോ വെറുതേ എഴുതി വച്ചിരുന്നതാണ്. ഞാനത് വായിച്ചു. ഇങ്ങനെയായിരുന്നു അത്. വരുവാനില്ലാരുമീങ്ങൊരു നാളുമീ വഴിക്കറിയാ- മതെന്നാലുമെന്നും പ്രിയമുള്ളോരാരാ വരുവാനുണ്ടെന്ന് ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ.. മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ, എന്തോ അരിച്ച് കയറുന്ന പോലെ, ഞാൻ മധുവിനോട് ചോദിച്ചു. "മധൂ ഈ വരികൾക്കിടയിലെവിടയോ നമ്മൾ തിരയുന്ന ഗംഗയുടെ കഥയില്ലേ ? മധു, ഒരു മാത്ര, ശ്യൂന്യതയിലേക്കെന്ന പോലെ നോക്കിയിരുന്നു.ഞാൻ പറഞ്ഞു. ഇതെഴുതിയത് ഗംഗ തന്നെയല്ലേ ? ഗംഗയുടെ വേദനകളത്രയും ഈ വരികളിലില്ലേ ? അവളുടെ കഥ തന്നെയല്ലേ ഇത് ?. മധുവിന്റെ കണ്ണു വിടർന്നു. കല്പന ഉണർന്നു. അന്ന് രാത്രി മധു ആ കഥയുണ്ടാക്കി. കുഞ്ഞു ഗംഗയെ മുത്തശ്ശിയെ ഏല്പിച്ച് കൽക്കട്ടയിലേക്ക് പോവുന്ന അച്ഛനമ്മമാർ, മുത്തശ്ശിയോടും നാട്ടുരീതികളോടും ഇഴുകിച്ചേർന്ന ഗംഗ, കാലങ്ങൾക്ക് ശേഷം പെട്ടെന്നൊരു ദിനം കൽക്കട്ടയിലേക്ക് പറിച്ച് നടാൻ തുടങ്ങുന്നെന്നറിഞ്ഞ് പരീക്ഷാഹാളിൽ നിന്നിറങ്ങിയോടിയ അവളുടെ ആദ്യത്തെ സൈക്കിക് അറ്റാക്ക്. മരുന്നുകൾ കൊണ്ട് ഉറക്കിക്കിടത്തിയെങ്കിലും, മാടമ്പള്ളിയിലെ പഴയരീതികളിലും സമ്പ്രദായങ്ങളിലും ചേർന്ന്, കടുത്ത ചായക്കൂട്ടിൽ ചാലിച്ചെടുത്ത നാഗവല്ലിയുടെ കഥയും കൂടിയായപ്പോൾ ഉറക്കിക്കിടത്തിയിടത്തേക്ക് തന്നെ മെല്ലെ തിരിഞ്ഞു നടന്ന ഗംഗയുടെ മറ്റൊരു കഥ.ഒരു ഗാനത്തിലൂടെ അത് ചിത്രീകരിച്ചപ്പോൾ ഒരക്ഷരം പോലും വരികൾ മാറ്റാതെ അതിനു സംഗീതം ചെയ്ത എംജി രാധാകൃഷ്ണൻ ചേട്ടനും, തനിക്കേറ്റവും ഇഷ്ടമുള്ളൊരു ഗാനചിത്രീകരണവുമാണിതെന്ന് പറഞ്ഞ് കെ എസ് ചിത്ര അത് പാടുകയും ചെയ്തതോടെ എല്ലാം എവിടെ നിന്നോ ആരോ എറിഞ്ഞ മന്ത്രക്കല്ലുകൾ പോലെ കൃത്യം..(ഫാസിലിന്റെ കുറിപ്പിൽ നിന്ന് )
ചേർത്തതു്: Kiranz
കമന്റുകൾ: 0
more ...