കടംകഥ പറയുന്ന

കടം കഥ പറയുന്ന കടമിഴികൾ നിന്റെ
കവിതകൾ ചൊരിയുന്ന മധുമിഴികൾ
അനുരാഗ ചതുരംഗകേളിയിൽ നിൻ മുന്നിൽ
അടിയറവായി പോയെൻ ഹൃദയം (കടം കഥ...)
 
കള്ളം പറയും നിൻ ചുണ്ടുകളും രാഗ
കല്ലോലമിളകും നിൻ കണ്ണുകളും
അങ്ങോട്ടുമിങ്ങോട്ടുമൂഞ്ഞാലിലാടുന്നെൻ
സങ്കല്പ മലർ വന ദേവത

മന്ത്രവാദിനീ നിൻ നീലനയനം
മയിൽപ്പീലിക്കെട്ടുകൾ വീശുമ്പോൾ
മാമക ജീവനാം പാഴ്മുളം കുഴലൊരു
മാണിക്യമുരളിയായ് മാറിയല്ലോ

പ്രേമഗായകാ നിൻ വന മുരളി തൻ
ഈ മുഗ്ദ്ധ സംഗീത മാധുരിയാൽ
വാടിക്കിടന്നോരെൻ  ജീവിതമൊരു നവ
വാസന്ത ശലഭമായ് മാറിയല്ലോ (കടം കഥ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Kadam kadha parayunna