ഇരുളുന്നു സന്ധ്യാംബരം
ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണം
വ്യാമോഹക്കനലിൻ പൂവുകൾ
കരളിന്റെ മൺവീണയിൽ ശ്രുതിമീട്ടി
പാടാമെന്റെ കദനത്തിൽ നീറും കവിതകൾ
വിരഹത്തീയിൽ പിടയും കിളിയുടെ
ഗാനം മുറിയുമ്പോൾ..
കടമിഴികൾ നനയരുതേ..
പ്രിയസഖീ നീ കരയരുതേ..
താരനൂപുരം ചാർത്തിയ യാമിനീ
മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾ
പാതിമായും ചന്ദ്രിക പോലെ
താമരപ്പൂമുഖം വാടരുതേ
വീണുടഞ്ഞൊരു പാഴ്മുളം തണ്ടായി
പാടാം നിൻ പ്രിയ ഗാനം..
വെയിലും മഴയും പുണരും പോലെ
ഈ മരുഭൂവിൽ കണ്ടു നാം
ആശാസുന്ദര പുഷ്പം കൊണ്ടൊരു
കേളീ സദനം തീർത്തു നാം
ചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽ
തകരും കളിവീട്...
ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണം
വ്യാമോഹക്കനലിൻ പൂവുകൾ
പ്രേമലോലം പാവമീ രാക്കുയിൽ
പാടിയ നൊമ്പര വീഥികളിൽ
നിന്റെ മൗന ശാഖിയിലിനിയും
കണ്ണീർപ്പൂവുകൾ വിടരരുതേ
തന്ത്രികളില്ലാ തംബുരുവായി ഞാൻ
പ്രിയതേ ഇനിയെന്തു പാടും
എന്റെ കിനാവിൻ ചിപ്പിയിൽ വീണൊരു
മിഴിനീർത്തുള്ളി നിൻ ഹൃദയം..
എൻ സ്വരവീണയിൽ ഉണരും രാഗം
പ്രേമമയീ നിൻ അനുരാഗം
നീയറിയുന്നോ നീയില്ലെങ്കിൽ..
ഞാനൊരു പാഴ് ജന്മം..
(ഇരുളുന്നു സന്ധ്യാംബരം)