സന്താപമിന്നു നാട്ടാര്‍ക്കു
സന്താപമിന്നു നാട്ടാര്‍ക്കു പെരുത്തതു
സന്താന വര്‍ദ്ധനം ഒന്നു കൊണ്ടല്ലയോ
സമ്പത്തു സന്താനമെന്നോര്‍ത്തവര്‍ക്കിന്നു
സമ്പത്തു നഷ്ടമായ് വന്‍ വിപത്തായിതു
ശമ്പളം പത്തിരുന്നൂറുണ്ടൊരുവനു
കിമ്പളം അത്രയും കൂടെ കിടച്ചിടും
കിം ഫലം അഞ്ചെട്ടു പിള്ളേരുമുണ്ടവര്‍
ക്കിമ്പം കലര്‍ന്നു കഴിയാന്‍ പണി തുലോം
റേഷനെക്കൊണ്ടു ശാപ്പാടു തികഞ്ഞിടാ
ശേഷം കരിഞ്ചന്ത കാശില്ല വാങ്ങുവാന്‍
വേഷം പലതുമെടുത്തിടും വമ്പിച്ച
ദോഷം വരുവതു കണ്ടറിയില്ലിവന്‍
കണ്ടാലറിയാതിരിക്കുന്ന മൂഢനും
കൊണ്ടാലറിയും അറിഞ്ഞവനാണു ഞാന്‍
തുള്ളലു കൊണ്ടു കഴിഞ്ഞിടാമെന്നൊരു
തള്ളലു പൊയ്പ്പോയതുള്ളതു ചൊല്ലിടാം
ഉള്ളതു കൊണ്ടു കഴിക്കേണമെങ്കിലോ
പിള്ളകള്‍ കള്ളത്തരത്തിനിറങ്ങീടും
പള്ള വീര്‍പ്പിക്കുവാന്‍ പട്ടിണിക്കാരവര്‍
ഉള്ള ദിക്കെല്ലാം അലഞ്ഞു തകര്‍ത്തിടും
കള്ളു കുടിച്ചിടും തല്ലു കൊള്ളും പല
ഭള്ളു പറയുംമിതെല്ലാം വരുന്നതോ
തള്ളയും തന്തയും മേലുകീഴ് നോക്കാതെ
തള്ളിയ ജീവിതമൊന്നിനാലല്ലയോ
പിള്ളേരിപ്പോഴുള്ളതു മതിയേ
കൊള്ളുക നാമിതു നാടിനു വേണ്ടി
ഒള്ളതു മതിയേ ഒള്ളതു മതിയേ
തൊള്ള തുറന്നിതു ചൊല്‍വിന്‍ ശുഭമാം