കിളിമാനൂർ രമാകാന്തൻ
എസ്. അച്യുതന്റെയും എൻ.കല്യാണിയുടെയും മകനായി കിളിമാനൂരിൽ ജനിച്ചു. കിളിമാനൂർ രാജരാജവർമ്മ ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ രമാകാന്തൻ ദീർഘകാലം കൊല്ലം ശ്രീനാരായണ കോളേജിലും ചെമ്പഴന്തി എസ്.എൻ. കോളേജിലും മലയാളം അദ്ധ്യാപകനായിരുന്നു.
മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളിൽ പ്രമുഖനായ കിളിമാനൂർ രമാകാന്തന്റെ പ്രധാന കൃതികളാണ് പാന്ഥന്റെ പാട്ട്, കണ്ണീരിനക്കരെ, മർമ്മരം, മനുഷ്യമരങ്ങൾ, ഹരിതഭൂമി, ആരോ ഒരാൾ, അമ്പതു പ്രേമഗാനങ്ങൾ, തെരഞ്ഞെടുത്ത കവിതകൾ എന്നീ കവിതാസമാഹാരങ്ങളും, ഡിവൈൻ കോമഡി എന്ന വിവർത്തനവും(ആശാൻ സ്മാരക പുരസ്കാരം), സർഗമുദ്രകൾ എന്ന ഉപന്യാസവും, ദാന്തെയുടെ നാട്ടിൽ എന്ന യാത്രാവിവരണവും.
1973 -ൽ മാസപ്പടി മാതുപിള്ള എന്ന ചിത്രത്തിനുവേണ്ടി 'സ്വർണ്ണമുരുക്കിയൊഴിച്ച പോലെ' എന്ന ഗാനവും 1994 -ൽ ചാണക്യസൂത്രങ്ങൾ എന്ന ചിത്രത്തിനുവേണ്ടി 'ജിന്നു തന്ന ലഹരിയോ' എന്ന ഗാനവും എഴുതിക്കൊണ്ട് മലയാള ചലച്ചിത്രഗാന രചനാ രംഗത്തും അദ്ധേഹം തന്റെ സാന്നിധ്യം അറിയിച്ചു.
2004 -ൽ ആശാൻ സ്മാരക പുരസ്ക്കാരം ലഭിച്ചിട്ടുള്ള കിളിമാനൂർ രമാകാന്തൻ 2009 നവംബറിൽ അന്തരിച്ചു.