സ്വർണ്ണമുരുക്കിയൊഴിച്ച പോലെ

സ്വർണ്ണമുരുക്കി ഒഴിച്ച പോലെ
മഞ്ഞളു വെട്ടി മുറിച്ച പോലെ
കുന്നത്തുള്ള വിളക്കു പോലെ
കണ്ണൂർക്കാരി പെൺകൊടി ഞാൻ
കണ്ണൂർക്കാരി പെൺകൊടി ഞാൻ

മാമാങ്കനാട്ടിന്റെ മാറിൽ വളർന്നൊരു
മാലാഖ പോലുള്ള പെൺകൊടി ഞാൻ
മഞ്ഞിന്റെ തട്ടത്തിൽ താമരപ്പൂവു പോൽ
മന്ദഹസിക്കുന്ന സുന്ദരി ഞാൻ
മന്ദഹസിക്കുന്ന സുന്ദരി ഞാൻ

പിന്നിൽ മാരന്റെ തേരിന്റെ ഭാവം
ഒന്നരമുണ്ടിന്റെ സൗന്ദര്യപൂരം
മിന്നുന്ന തക്കയും തോടയും ചാർത്തിയ
കിന്നരിപ്പെണ്ണു ഞാൻ തൃശൂർക്കാരി
കിന്നരിപ്പെണ്ണു ഞാൻ തൃശൂർക്കാരി

പാലമരപ്പൂമണവും
പാൽമൊഴിയും പൂണ്ടവൾ ഞാൻ
പാലക്കാടൻ മാമലകൾ
താലോലിച്ച പെൺകൊടി ഞാൻ
പെൺകൊടി ഞാൻ
പെൺകൊടി ഞാൻ

പൊന്നിന്റെ നിറമുള്ള കനിമോളു ഞാനൊരു
മിന്നുന്ന തട്ടമിട്ട പൂമോള്
മലപ്പുറത്തുള്ളൊരു മാണിക്യക്കല്ല്
മൈലാഞ്ചിനിറമുള്ള മിനുസപ്പൂവ്
മിനുസപ്പൂവ് മിനുസപ്പൂവ്

കച്ചയിൽ താരുണ്യ ഭാരമൊരുക്കിയ
പച്ചത്തുരുത്തിലെ കൊച്ചുറാണി
ഷിപ്പ് യാർഡിൽ നിന്നും ആദ്യമിറക്കിയ
കപ്പലുപോലെ മനോഹരീ ഞാൻ
മനോഹരീ ഞാൻ മനോഹരീ ഞാൻ

തേയിലക്കാട്ടിലും നീലമലയിലും
പാറിപ്പറക്കുന്ന പെൺകൊടി ഞാൻ
നാടൻ പാട്ടിന്റെ ലാളിത്യമോലുന്ന
ഗ്രാമത്തിന്റെ കുമാരിക ഞാൻ
ഗ്രാമത്തിന്റെ കുമാരിക ഞാൻ

ചോര ചിന്തിയ വീരവിപ്ലവ
ഭൂമിയിലുള്ളൊരു കന്യക ഞാൻ
ആളിപ്പടരും തീജ്ജ്വാല
ആലപ്പുഴയിലെ തീജ്ജ്വാല
നൂതന വിപ്ലവ ജ്വാല - ഞാൻ
നൂതന വിപ്ലവ ജ്വാല

മണിമോതിരക്കയ്യിലൊരു പുഷ്പതാലം
മദനന്റെ വില്ലൊടിക്കും പുരികജാലം
കളിവഞ്ചി പോലെ ഉലഞ്ഞാടിയെത്തും
തിരുവഞ്ചിനാട്ടിലുള്ള മങ്കയാണു ഞാൻ
മങ്കയാണു ഞാൻ മങ്കയാണു ഞാൻ

ഗിത്താറിൻ സ്വരധാരയിലൊരു
നൃത്തം ചെയ്യും പെൺകൊടി ഞാൻ
മദ്യ സരിത്തിൽ മുങ്ങിയുയർന്നു
മോഹന മദിരാചഷകം ഞാൻ
മോഹന മദിരാചഷകം ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnamurukki ozhicha pole

Additional Info