കണ്ണൂർ ഷെരീഫ്‌

Kannur Sherif
Date of Birth: 
Sunday, 16 January, 1972
ആലപിച്ച ഗാനങ്ങൾ: 5

മലയാളിയും സിംഗപ്പൂർ പൗരനും മുഹമ്മദ് റഫിയുടെ ആരാധകനും ആയിരുന്ന മൂസകുട്ടിയുടെ മൂന്ന് മക്കളിൽ രണ്ടാമനായി കണ്ണൂരിലെ അഞ്ചുകണ്ടി തറവാട്ടിലാണ് ഷെരീഫ് ജനിച്ചത്.  കണ്ണൂർ സിറ്റി ഗവ. സ്കൂൾ പഠനകാലത്ത് സംഗീത അധ്യാപിക വിശാലാക്ഷി ടീച്ചറുടെ അടുത്തു നിന്നും, പിന്നീട് കണ്ണൂർ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്ന എം എൻ രാജീവിൻ്റെ കീഴിലും സംഗീതം പഠിച്ച അദ്ദേഹം കണ്ണൂർ പള്ളിക്കുന്നിലെ ജെബിഎസ് കോളേജ് പഠനകാലത്ത് ഓർക്കസ്ട്ര ഓഫ് ജെബിഎസ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി പാടാൻ തുടങ്ങി.

സ്റ്റേജ് ഷോകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയുമാണ് ഷെരീഫ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 2015 -ൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിക്കാഹ് എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചുകൊണ്ട് ഷെരീഫ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് മൂന്ന് സിനിമകളിൽ കൂടി അദ്ദേഹം പാടി. ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തിലധികം വേദികളിൽ പാടിയ ഷെരീഫ് റിയാലിറ്റി ഷോകളിൽ വിധികർത്താവ്,  മത്സരാർത്ഥികളെ പരിശീലിപ്പിക്കുന്ന ഉപദേശകൻ എന്നീ നിലകളിലും സജീവമാണ്.
കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് കലാകാരനുള്ള പുരസ്കാരം, പ്രഥമ എരിഞ്ഞോളി മൂസ കലാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ കണ്ണൂർ ഷെരീഫിന് ലഭിച്ചിട്ടുണ്ട്.

ഷെരീഫിന്റെ ഭാര്യ ഫാസില. മക്കൾ ഷിഫ, ഷിബിൽ.