കലേഷ് രാമാനന്ദ്

Kalesh Ramanand
കലേഷ് എസ് ‌രാമാനന്ദ്

ആലപ്പുഴ സ്വദേശി. നവംബർ 4ന് ജനനം. എസ് രാമാനന്ദ്, രമ ആനന്ദ് എന്നിവരാണ് മാതാപിതാക്കൾ. അച്ഛൻ ആലപ്പുഴ എസ് ഡി കോളേജിന്റെ ഫിസിക്സ് വിഭാഗം തലവനും വൈസ് പ്രിൻസിപ്പലായിരുന്നു. SDV സെൻട്രൽ സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കലേഷ് കൊച്ചിൻ രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദമെടുത്തു. കോളേജ് കാലഘട്ടത്തിൽത്തന്നെ സ്റ്റേജുകളിൽ പെർഫോം ചെയ്ത് കയ്യടി വാങ്ങിയ കലേഷ് അഭിനയമോഹവുമായി ചെന്നൈയിലെത്തിയെങ്കിലും ആദ്യം കരസ്ഥമാക്കിയത് എ ആർ റഹ്മാന്റെ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ നിന്ന് പാശ്ചാത്യസംഗീതത്തിലുള്ള ഡിപ്ലോമയാണ്. തുടർന്ന് ചെന്നെയിലെ തന്നെ കൂത്ത്പട്ടറൈ, ഏവം തുടങ്ങിയ തിയറ്റർഗ്രൂപ്പുകളുടെ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തു. തുടർന്ന് മുംബൈയിലെത്തി NSD അലൂമിനി ഗ്രൂപ്പിന്റെ കൂടെ ആറു മാസക്കാലം അഭിനയപരിശീലനം നേടി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഹേമന്ത് മഹൂറിന്റെ മാസ്ക് മാജിക് തിയറ്റർ ഗ്രൂപ്പിലായിരുന്നു അത്. 

മുംബൈ നാടകവേദിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പഴാണ് സമൃദ്ധി പോരേയെന്ന മറാത്തി സംവിധായികയുടെ ഓഡീഷനിൽ പങ്കെടുക്കുന്നതും അവർ വഴി സംവിധായകൻ സലിം അഹമ്മദിനെ പരിചയപ്പെടുന്നതും. അങ്ങനെയാണ് കലേഷിന്റെ ഒരു തിയറ്റർ പ്ലേ കണ്ട് സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയിലെ സുകുവെന്ന കഥാപാത്രമായി മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ തുടക്കമിടുന്നത്. ചെന്നെയിൽ വീണ്ടും നാടകവേദിയിലേക്ക് മടങ്ങിയ കലേഷ് വിജയ് ജയ്‌പാൽ സംവിധാനം ചെയ്ത സർറിയൽ എന്ന തമിഴ് ഹ്രസ്വചിത്രത്തിലെ നായകനായിരുന്നു. ചിത്രം കാൻ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അത് പ്രദർശിച്ചപ്പോൾ കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ സംഘത്തെ നയിച്ച കമലഹാസനൊപ്പം കലേഷും ഫെസ്റ്റിവലിന്റെ ഭാഗമായിത്തീരുകയും ചെയ്തു. നിരവധി ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച കേരള പരഡൈസോ എന്ന ഇന്റിപ്പെന്റന്റ് ചിത്രത്തിലും കലേഷ് അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടൊപ്പം പഠിച്ച സംഗീതവും ഒപ്പം കൂടെക്കൂട്ടിയ കലേഷ് ചില തമിഴ് തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങളിൽ പാടി. സുഹൃത്തുക്കളുടെ പരസ്യ ജിംഗിളുകളിൽ പാടാറുള്ള കലേഷ് 2009-ൽ ഇളംവെയിൽ എന്ന സംഗീത ആൽബത്തിന് സുഹൃത്തിനൊപ്പം സംഗീത സംവിധാനവും ചെയ്ത് പുറത്തിറക്കിയിരുന്നു.

എം എ നിഷാദിന്റെ തെളിവ് എന്ന സിനിമയിലും അഭിനയിച്ച കലേഷ്  മലയാള സിനിമക്ക് പുറമേ തമിഴിലെ തനി ഒരുവൻ, മാര തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഹിന്ദി, തമിഴ് ഹ്രസ്വചിത്രങ്ങളിലുമൊക്കെ സജീവമായ കലേഷിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു 2022ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലെ  സെൽവ എന്ന കഥാപാത്രം.

കലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പ്രൊഫൈൽ