സോഫിയ കലാമണ്ഡലം

Kalamandalam Sophia

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് സോഫിയ. അച്ഛൻ വയനാട് ബത്തേരിയിൽ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായതിനാൽ സോഫിയ വളർന്നത് ബത്തേരിയിലായിരുന്നു. ഏഴാംക്ലാസ് വരെ ബത്തേരി സ്കൂളിൽ പഠിച്ചതിനുശേഷം കലാമണ്ഡലത്തിൽ ഡിപ്ലോമ പഠനത്തിന് ചേർന്ന സോഫിയ കലാമണ്ഡലം സർവകലാശാലയായപ്പോൾ അവിടെ നിന്നും മോഹിനിയാട്ടത്തിൽ ബിരുദവുമെടുത്തു. 

കെ പി കുമാരൻ സംവിധാനം ചെയ്ത തോറ്റം എന്ന സമാന്തര സിനിമയിലെ നായികാവേഷം ചെയ്തുകൊണ്ടാണ് സോഫിയ അഭിനയരംഗത്തേയ്ക്കെത്തുന്നത്. വടക്കൻപുരാവൃത്തമായ പൂമാതൈ പൊന്നമ്മയുടെ കഥയായിരുന്നു 'തോറ്റം'. പൂമാതൈയുടെ വേഷമായിരുന്നു സോഫിയയ്ക്ക്. തോറ്റത്തിൽ നായികയാവാൻ നൃത്തമറിയുന്നൊരാൾ തന്നെ വേണമായിരുന്നു എന്നതുകൊണ്ടാണ് സോഫിയക്ക് ആ ചിത്രത്തിൽ അവസരം ലഭിച്ചത്. അതിനുശേഷം കരുമാടിക്കുട്ടൻ എന്ന സിനിമയിൽ നായികയായ നന്ദിനിയുടെ കൂട്ടുകാരിയുടെ വേഷത്തിൽ അഭിനയിച്ച് ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് മീനത്തിൽ താലികെട്ട്www.അണുകുടുംബം.കോം എന്നീ സിനിമകളിലും സോഫിയ അഭിനയിച്ചു.

നൃത്തത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ പിന്നീട് സിനിമയിൽ നിന്നുവന്ന വേഷങ്ങളൊന്നും സോഫിയ സ്വീകരിച്ചില്ല. നൃത്താവതരണത്തിന്റെ തിരക്കുകൾക്കിടയിലും സോഫിയ ഇടയ്‌ക്ക് ചില സീരിയലുകൾ ചെയ്‌തിരുന്നു. ഏഷ്യനെറ്റിലെ സ്വരരാഗം, സൂര്യ ടി.വിയിലെ ലാലു അലക്‌സ് അഭിനയിച്ച അവർ ബിലോവ്ഡ് പപ്പ, ശ്രീകുമാരൻ തമ്പിയുടെ ബന്ധുവാര് ശത്രുവാര്, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്‌തു. കൊച്ചി വാഴക്കാലയിലെ 'സമർപ്പൺ' ഡാൻസ് സ്‌കൂൾ സോഫിയുടേതാണ്

പ്രശസ്ത പിന്നണിഗായകൻ സുദീപ്കുമാറാണ് സോഫിയയുടെ ഭർത്താവ്. രണ്ടുമകൾ മിൻസാര, നിഹാര.