കെ ടി ഉദയകൃഷ്ണൻ
1956 നവംബർ 30 -ന് നാടക പ്രവർത്തകനും സ്ക്കൂൾ അദ്ധ്യാപകനുമായിരുന്ന കണ്ണൻ മാസ്റ്ററുടെയും (കെ ടി സൂര്യൻ), ചിന്നമ്മു ടീച്ചറുടെയും മകനായി പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ ജനിച്ചു. എൻ എൻ എൻ യുപി സ്ക്കൂൾ കാറൽമണ്ണ, ഗവണ്മെന്റ് ഹൈസ്ക്കൂൾ ചെർപ്പുള്ളശ്ശേരി, ഫാത്തിമ മെമ്മോറിയൽ ഹൈസ്ക്കൂൾ കരിങ്കല്ലത്താണി എന്നിവിടങ്ങളിലായിരുന്നു ഉദയകൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കോഴിക്കോട് സെൻട്രൽ ടെക്നിക്കൽ കോളേജിൽ നിന്നും ഐ ടി ഇ എസ് പഠിച്ചു.
യുപി സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ അദ്ധ്യാപകനും നാടക അഭിനേതാവുമായിരുന്ന അച്ഛന്റെ പ്രോത്സാഹനത്തോടെ സ്ക്കൂൾ വാർഷികോത്സവത്തിന് നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ഉദയന്റെ അരങ്ങേറ്റം. 1970 - 80 - 90 കാലഘട്ടങ്ങളിൽ കേരളത്തിന്റെ പലഭാഗത്തും തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ അദ്ധ്യാപകരായിരുന്ന ജി ശങ്കരപ്പിള്ള, വേണുക്കുട്ടൻ നായർ, രാമാനുജം എന്നിവരുടെ നേതൃത്വത്തിൽ നാടകക്കളരി എന്നപേരിൽ നടത്തിയിരുന്ന നാടക പരിശീലന ക്യാമ്പുകളിൽ, ഷൊർണ്ണൂർ കവളപ്പാറ കൊട്ടാരത്തിൽ വെച്ചു നടന്നതിൽ ഉദയകൃഷ്ണൻ പങ്കെടുത്തിട്ടുണ്ട്. സ്വന്തം താത്പര്യത്തോടും അച്ഛന്റെ പ്രോത്സാഹനത്തോടും കൂടിയാണ് നാടകാഭിനയരംഗത്ത് സജീവമാകുന്നത്. ലങ്കാലക്ഷ്മി, പുഷ്പവൃഷ്ടി, വായേ പാതാളം, രാവുണ്ണി, മിഠായി മാല, തീകൊണ്ട് കളിക്കരുത്, അഗ്നിവലയം, നീലക്കടൽ, അഗ്നിപ്രളയം, സമസ്യ, സമാവർത്തനം, ബന്ദി, മണൽക്കാട്, കരിഞ്ഞമണ്ണ്, മരണം.. എന്നീ അമച്വർ നാടകങ്ങളിലും, സമക്ഷം, ഫോളിഡോൾ, അക്ഷഹൃദയം.. എന്നീ പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ കലാനിലയത്തിന്റെ നാടകങ്ങളായ രക്ത രക്ഷസ്സ്, കടമറ്റത്ത് കത്തനാർ, നാരദൻ കേരളത്തിൽ, നാറാണത്ത് ഭ്രാന്തൻ എന്നിവയിലും അദ്ദേഹം അഭിനയിച്ചിരുന്നു.
മാതൃഭൂമി പത്രത്തിലെ പ്രശസ്ത ചിത്രകാരനും കാറൽമണ്ണ സ്വദേശിയുമായിരുന്ന എ എസ് നായർ വഴിയാണ് സിനിമയിലെത്തുന്നത്. എം ടി വാസുദേവൻ നായർ മാതൃഭൂമി വാരികയുടെ ചീഫ് എഡിറ്ററായിരുന്ന കാലത്താണ് എ എസ് നായർ ഉദയകൃഷ്ണനെ എം ടിയുമായി പരിചയപ്പെടുത്തുന്നത്. എം ടി വാസുദേവൻ നായർ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച വാരിക്കുഴി എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. അങ്ങിനെ എം ടി ചിത്രത്തിലൂടെ കെ ടി ഉദയകൃഷ്ണൻ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഇടനിലങ്ങൾ, കരിമ്പിൻ പൂവിനക്കരെ, അരം+അരം= കിന്നരം, പഞ്ചാഗ്നി എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
നല്ലൊരു എഴുത്തുകാരൻ കൂടിയായ ഉദയകൃഷ്ണൻ രചിച്ച സിംഹരാശി, ശ്യാമശാന്തി എന്നീ നാടകങ്ങൾ ആകാശവാണി തൃശ്ശൂർ നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള നാടക സമാഹാരങ്ങളായ മനോഹരന്റെ മനോരാജ്യം 2002 -ലും, മറുക് 2018 -ലും പ്രസിദ്ധീകരിച്ചു. 2019 -ൽ സിംഹരാശി എന്ന നാടക സമാഹാരവും പ്രസിദ്ധീകരിച്ചു.
നാടക അഭിനേത്രിയായിരുന്ന ഗീതകുമാരിയെയാണ് ഉദയകൃഷ്ണൻ വിവാഹം ചെയ്തത്. അവർക്ക് രണ്ട് മക്കളാണുള്ളത്, ആതിര കൃഷ്ണൻ, ആര്യ കൃഷ്ണൻ.
വിലാസം- കെ ടി ഉദയകൃഷ്ണൻ, കെ ടി ഹൗസ്, കാറൽമണ്ണ പി ഒ, 679506, പാലക്കാട്. ഫോൺ- 9961985526, 04662284526