കെ സുരേന്ദ്രന്‍
Attachment | Size |
---|---|
മനോരമയിൽ വന്ന ലേഖനം | 144.97 KB |
1991 ഫെബ്രുവരി 21 ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ചു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലി ലഭിച്ച സുരേന്ദ്രൻ കുറച്ചുവർഷങ്ങൾക്ക് ശേഷം അതിൽ നിന്ന് രാജിവെച്ച് മുഴുവൻ സമയ എഴുത്തുകാരനായി. 1960 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ "താളം" പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കാട്ടുകുരങ്ങ്, മായ, ജ്വാല, സീമ, ദേവി, നാദം, ശക്തിപതാകം, അരുണ, മരണം ദുർബലം, ക്ഷണപ്രഭാചഞ്ചലം, സീതായനം, ഭിക്ഷാംദേഹി, ഗുരു എന്നീ ഉജ്ജ്വലകൃതികൾ കൂടി അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതമായി. ജീവിതമെന്ന വിശ്രമത്താവളത്തിൽ ഒത്തു കൂടുന്നവരുടെയും വേർപിരിഞ്ഞു പോകുന്നവരുടെയും കഥയാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്.
സുരേന്ദ്രന്റെ ചില കൃതികൾക്ക് അദ്ദേഹം തന്നെ ചലച്ചിത്ര ഭാഷ്യം രചിച്ചിട്ടുണ്ട്. പി ഭാസ്ക്കരന്റെ സംവിധാനത്തിൽ കാട്ടുകുരങ്ങ് എന്ന നോവലാണ് ആദ്യമായി സിനിമയാക്കിയത്. കാട്ടുകുരങ്ങിന്റെ തിരക്കഥയും സംഭാഷണവും സുരേന്ദ്രൻ തന്നെയായിരുന്നു. അതിനുശേഷം ദേവി, മായ, ഏതോ ഒരു സ്വപ്നം എന്നീ നോവലുകൾ കൂടി ചലച്ചിത്രങ്ങളായി.
ബലി, അരക്കില്ലം, പളുങ്കു പാത്രം, അനശ്വരമനുഷ്യൻ എന്നീ നാടകങ്ങളും സുരേന്ദ്രൻ രചിച്ചിട്ടുണ്ട്. ഇവ കൂടാതെ മനുഷ്യാവസ്ഥ, നോവൽ സ്വരൂപം, സുരേന്ദ്രന്റെ പ്രബന്ധങ്ങൾ, കുമാരൻ ആശാൻ, ടോൾസ്റ്റോയിയുടെ കഥ, ഡസ്റ്റയോവിസ്ക്കിയുടെ കഥ, കലയും സാമാന്യ ജനങ്ങളും, ജീവിതവും ഞാനും എന്നീ രചനകൾ കൂടി അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1963 ൽ സുരേന്ദ്രന്റെ മായ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ്, 1994 ൽ ഗുരു എന്ന നോവലിന് വയലാർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1997 ഓഗസ്റ്റ് 9 ന് കെ സുരേന്ദ്രൻ അന്തരിച്ചു.