ജോസ് തോമസ്
പാലായിലെ പൂഞ്ഞാർ സ്വദേശിയായ ജോസ് തോമസ് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സംഗീത രംഗത്ത് പ്രവർത്തിച്ചു വരുന്നു. അച്ഛൻ പരേതനായ തോമസ്.അമ്മ മേരീ തോമസ്. ആറ് മക്കളിൽ ഇളയവനായ ജോസ് വീട്ടിലെ സംഗീത ഉപകരണങ്ങൾ കണ്ടും വായിച്ചുമാണ് വളർന്നത്.
സ്ക്കൂൾ കോളേജ് കാലത്ത് പാടുകയും ഹാർമോണിയം വായിക്കുകയും ചെയ്തിരുന്ന ജോസ് പ്രീഡിഗ്രിക്കു ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ചേർന്നു. നാലു വർഷത്തെ ഗാന ഭൂഷണം കോഴ്സിനിടയിൽ തിരുവനന്തപുരത്ത് എം. ജെ. മൈക്കിളിന്റെ അടുത്ത് നിന്നും ഗിറ്റാറിൽ കൂടുതൽ അറിവുകൾ സ്വയാത്തമാക്കുകയും ചെയ്തു. കോഴ്സ് പാസായ ഉടൻ പട്ടത്ത് സിംഫണി ഓർക്കസ്ട്രയിൽ ചേർന്നു. അടുത്ത സുഹൃത്തായ ബാലഭാസ്ക്കറിന്റെ പല ആല്‍ബങ്ങള്‍ക്കും സംഗീതം നൽകാൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകളിലും ഗിറ്റാർ വായിച്ചിരുന്നത് ജോസ് ആയിരുന്നത്.
1991 ൽ ജോസ് അടക്കം നാലുപേർ ചേർന്ന് വെള്ളയമ്പലത്ത് "നാദബ്രഹ്മം അക്കാദമി ഓഫ് ഫൈൻ ആർട്സ്" എന്ന സ്ഥാപനം തുടങ്ങി. ജോമോൻ (വയലിൻ), റെന്നി (റിഥം പ്രോഗ്രാമർ ), റെജി എന്നിവരായിരുന്നു മറ്റു മൂന്നുപേർ. കെ.പി.ഉദയഭാനുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട “ഓൾഡ് ഈസ് ഗോൾഡ് ” എന്ന ഓർക്കസ്ട്ര അദ്ദേഹം നാദബ്രഹ്മത്തെ ഏൽപ്പിച്ചു. പിന്നീടങ്ങോട് നാദബ്രഹ്മത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു . കമുകറ പുരുഷോത്തമൻ, പി ലീല, ജിക്കി, സി. ഒ ആന്റോ, പി.സുശീല ഇങ്ങിനെ ഒട്ടേറെ ഗായകരുടെയൊക്കെ കൂടെ ഇദ്ദേഹം ലോകത്തിന്റെ പല ഭാഗത്തും സ്റ്റേജ് ഷോകളിൽ പങ്കെടുത്തു. ഇതിനിടയിൽ 1996 മുതൽ ദേവരാജൻ മാഷിന്റെ സംഗീത സംവിധാന സഹായിയായി പ്രവർത്തിച്ചു. ദക്ഷിണാമൂർത്തി, രാഘവൻ മാഷ്, എം.കെ .അർജുനൻ എന്നിവർക്കൊപ്പം ആകാശവാണി ലളിതഗാനങ്ങളിലും ഗിറ്റാർ വായിച്ചു. 2002 ൽ ഏഷ്യാനെറ്റിൽ ഒരു വർഷം നീണ്ട സംഗീത പരിപാടിയായ “സംഗീതസാഗര"ത്തിനൊപ്പം ജോസുമുണ്ടായിരുന്നു. സംഗീത സംവിധായകരായ ജോൺസൺ, രമേഷ് നാരായൺ എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ജോൺസൺ മാഷിന്റെ “സ്നേഹപൂർവ്വം ജോൺസൺ ” എന്ന ആൽബത്തിൽ ഗിറ്റാർ വായിച്ചു.
അമേരിക്കയിൽ കുറച്ചു നാൾ സംഗീത അദ്ധ്യാപകനായി ജോലി ചെയ്ത ജോസ് നാട്ടിൽ തിരിച്ചെത്തി ടാലെന്റ്റ് സ്കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനം നടത്തിവരുന്നു. ഈ സംഗീത യാത്രയ്ക്കിടയിൽ മലയാള ചലച്ചിത്ര മേഖലയിലെ എല്ലാ ഗായകരോടൊപ്പവും ജോസ് പ്രവർത്തിച്ചു. മേഘമൽഹാർ എന്ന സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഗിറ്റാർ വായിച്ചത് ജോസ് ആയിരുന്നു.
മിനിക്കുട്ടി ജോസാണ് ഭാര്യ. ആർ എൽ വി സംഗീത കോളേജ് വിദ്യാർത്ഥിയായ മൂത്ത മകൻ അമൽ കീബോർഡ് പ്ലേയർ ആണ്. ഇളയമകൻ എമിലിന് ഗിറ്റാറിൽ ആണ് താല്പര്യം.