ജയകൃഷ്ണൻ ജെ
ജയഗോപാലൻ നായരുടെയും ശ്രീകലയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് ജനിച്ചു. പെരിങ്ങമ്മല ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ജയകൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളേജിൽ നിന്ന് ബിരുദം നേടി. 2004 -ൽ പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ജയകൃഷ്ണൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
രഞ്ജിത്ത് - മോഹൻലാൽ ചിത്രം ചന്ദ്രോത്സവം ആയിരുന്നു ജയകൃഷ്ണന്റെ അടുത്ത ചിത്രം. തുടർന്ന് ഔട്ട് ഓഫ് സിലബസ്, എസ് എം എസ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരമ്പരകളിലും ജയകൃഷ്ണൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുങ്കുമപ്പൂവ്, അമ്മക്കൈ, രുദ്രവീണ, മഴയറിയാതെ, ബാലാമണി, ഡിസംബറിലെ ആകാശം, ജാഗ്രത, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന പരമ്പരകളാണ്. കൂടാതെ കൗമുദി ടിവിയിലെ 'സാൾട്ട് ആൻഡ് പെപ്പർ' എന്ന പരിപാടിയുടെ അവതാരകനായിട്ടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും, ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.


