ജയ കുറുപ്പ്
കൊച്ചിൻ ഷിപ്പ്യാർഡിൽ ഉദ്യോഗസ്ഥനായിരുന്ന സി ആർ.കുമാരന്റെയും ശാന്തമ്മയുടെയും മകളായി എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ചു. പിറവത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം. ജയയുടെ തുടർവിദ്യാഭ്യാസം എറണാകുളത്തായിരൂന്നു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ അഭിനയരംഗത്തേക്കു ചുവടുവച്ചു. അമ്മയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറ ശ്രീചക്ര നൃത്തവിഹാറിന്റെ 'നാരദമോക്ഷം' ബാലെയിൽ പാർവ്വതിയായിട്ടായിരുന്നു ജയയുടെ അരങ്ങേറ്റം. പിന്നെ പല ബാലേകളിൽ ശ്രീകൃഷ്ണനായും സരസ്വതിയായും സൂര്യഭഗവാനായുമൊക്കെയായി ജയയെത്തി. കലാമണ്ഡലം ഗോപിയൊക്കെയായിരുന്നു ഗുരുക്കന്മാർ. പിന്നീട് 'ഉണ്ണിയാർച്ച' എന്ന ബാലെയിൽ നർത്തകിയായി.
തുടർന്ന് കോട്ടയം അക്ഷയയുടെ നാടകത്തിൽ അഭിനയിച്ചു.. രണ്ടുവർഷത്തിനുശേഷം, ആലത്തൂർ മധു സംവിധാനം ചെയ്ത ചേർത്തല സാഗരികയുടെ 'അരയാൽചോട്ടിലെ ചെമ്പരത്തി' എന്ന നാടകത്തിലൂടെ ഗൗരവമുള്ള അഭിനയത്തിലേക്ക് ജയ പ്രവേശിച്ചു. പിന്നീട് ചേർത്തല പ്രതിഭയുടെ 'ഒരു യാത്രയുടെ ആരംഭം' എന്ന നാടകത്തിലെത്തിയതോടെ തന്റെ പ്രൊഫഷൻ ഇതാണെന്ന് ജയ തിരിച്ചറിഞ്ഞു. തുടർന്ന് നിരവധി നാടകങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ ജയ അവതരിപ്പിച്ചു. കട്ടപ്പന ദർശന അരങ്ങിലെത്തിച്ച നരിപ്പറ്റ രാജു സംവിധാനം ചെയ്ത 'ഒഴിവുദിവസത്തെ കളി' എന്ന നാടകത്തിലും പ്രധാന സ്ത്രീവേഷങ്ങളിലൊന്ന് ജയയാണ് അവതരിപ്പിച്ചത്. 2013 ല്‍ കണ്ണൂരിലും തൃശൂരിലും നടന്ന രാജ്യാന്തര നാടകോൽസവങ്ങളിൽ (ഇറ്റ്‌ഫോക്) ഏറെ ചർച്ച ചെയ്യപ്പെട്ട നാടകമായിരുന്നു ഒഴിവു ദിവസത്തെ കളി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ആയിരുന്നു ജയയുടെ ആദ്യ സിനിമ. വിരണ്ടോടുന്ന പോത്ത് ബാങ്കിലേക്ക് ഓടിക്കയറുമ്പോൾ പേടിച്ച് ക്യാബിനിലേക്കു കയറി രക്ഷപ്പെടുന്ന മാനേജരുടെ വേഷം. ജല്ലിക്കെട്ടിലെ രണ്ട് ചെറിയ സ്ത്രീകഥാപാത്രങ്ങൾക്ക് ജയ ശബ്ദവും കൊടുത്തിരുന്നു. പിന്നീട് സാജൻ ബേക്കറി സിൻസ് 1962 യിൽ ഗ്രെയ്‌സ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി വളരെ ചെറിയൊരു വേഷം. അതിനുശേഷം മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അമ്മയായി അഭിനയിച്ചു.
നാടകനടൻ നാരായണ കുറുപ്പാണ് ജയയുടെ ഭർത്താവ്. ജയയും നാരായണ കുറുപ്പൂം നിരവധി നാടകങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.