ധനുഷ്
തമിഴ് സിനിമ സംവിധായകനും, നിർമ്മാതാവുമായിരുന്ന കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനായി മദ്രാസിൽ വെങ്കിടേഷ് പ്രഭു എന്ന ധനുഷ് ജനിച്ചു. 2002 -ൽ സഹോദരൻ സെൽവരാഘവന്റെ തിരക്കഥയിൽ അച്ഛൻ കസ്തൂരി രാജ സംവിധാനം ചെയ്ത Thulluvadho Ilamai എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് ധനുഷ് അഭിനയരംഗത്തേക്കെത്തുന്നത്.
അതിനുശേഷം സെൽവരാഘവൻ ആദ്യമായി സംവിധാനം ചെയ്ത Kaadhal Kondein എന്ന സിനിമയിൽ നായകനായി. തുടർന്ന് നിരവധി വിജയ ചിത്രങ്ങളിലൂടെ ധനുഷ് തമിഴിലെ മുൻനിര നായക പദവിയിലേക്കുയർന്നു. Pudhupettai, Polladhavan, Aadukalam, Velaiilla Pattadhari, Maari, Vada Chennai, Asuran.. തുടങ്ങിയവ ധനുഷിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2011 -ൽ Aadukalam എന്ന സിനിമയിലെ അഭിനയത്തിനും, 2019 -ൽ Asuran എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടനുള്ള ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നിരവധി തമിഴ് ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും ചില ചിത്രങ്ങളിൽ ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ധനുഷ് ചലച്ചിത്ര ഗാനരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ Kaaka Muttai ഉൾപ്പെടെ ഇരുപത് സിനിമകൾ ധനുഷ് നിർമ്മിച്ചിട്ടുണ്ട്. 2013 -ൽ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് എന്ന സിനിമയിൽ അതിഥി വേഷം ചെയ്തുകൊണ്ടാണ് ധനുഷ് മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്. അതിനുശേഷം 2017 -ൽ ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമ നിർമ്മിച്ചു. 2019 -ൽ ബ്രദേഴ്‌സ്ഡേ എന്ന സിനിമയ്ക്ക് വേണ്ടി ഒരു തമിഴ് ഗാനം എഴുതുകയും ചെയ്തു.


