ദേവദത്ത് ഷാജി
1995 ജൂൺ 1 ന് ഷാജി സരിഗയുടേയും(പ്രോഗ്രാം ഓർഗനൈസർ, ബിൽഡിംഗ് ഡിസൈനർ, രാഷ്ട്രീയ പ്രവർത്തനം) , സുബി ഷാജിയുടേയും (ബിൽഡിംഗ് ഡിസൈനർ, രാഷ്ട്രീയ പ്രവർത്തനം) മകനായി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. കോട്ടപ്പടി സെന്റ് ജോർജ്ജ് യുപി സ്ക്കൂൾ , മാർ ഏലിയാസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ദേവദത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തു.
ദേവദത്ത് ഷാജി എട്ടോളം ഷോർട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ എട്ടാമതായി ചെയ്ത ഷോർട്ട്ഫിലിം കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ ദിലീഷ് പോത്തൻ ദേവദത്തിനെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദിലീഷ് പോത്തന്റെ സഹായത്തോടെയാണ് ദേവദത്ത് ഷാജി സിനിമയിലെത്തുന്നത്. 2019 ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിക്കൊണ്ട് പ്രൊഫഷണലായി തുടക്കം കുറിച്ചു. അതിനുശേഷം ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അസോസിയേറ്റ് ഡയറക്റ്ററായി പ്രവർത്തിക്കുകയും ചെയ്തു.
ദേവദത്തിന്റെ ഒരു ഷോർട്ട് ഫിലിമിൽ അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനായ രാമകൃഷ്ണൻ പെരുമ്പാവൂർ അഭിനയിച്ചിരുന്നു, പഴയകാല നാടക പ്രവർത്തകനായിരുന്ന മുത്തച്ഛന്റെ അഭിനയം കണ്ടിഷ്ടപ്പെട്ട സംവിധായകൻ അമൽ നീരദ് അദ്ദേഹത്തിനെ തന്റെ വരത്തൻ എന്ന ചിത്രത്തിൽ ഒരു വേഷത്തിനായി തിരഞ്ഞെടുത്തിരുന്നു.അതിനുശേഷം മംഗല്യം തന്തുനാനേ, കനകം കാമിനി കലഹം എന്ന സിനിമകളിലും ദേവദത്തിന്റെ മുത്തച്ഛൻ അഭിനയിച്ചു.