സി വി ബാലകൃഷ്ണൻ
സാഹിത്യകാരനായ സി വി.ബാലകൃഷ്ണൻ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. സ്കൂൾ അദ്ധ്യാപകനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കുറച്ചു വർഷങ്ങൾ മാത്രം അദ്ധ്യാപകവൃത്തി ചെയ്ത ബാലകൃഷ്ണൻ അത് ഉപേക്ഷിച്ച് കൊൽക്കത്തയിലേക്ക് പോയി അവിടെ സ്വതന്ത്ര പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കൊൽക്കത്തയിലെ ജീവിത കാലത്താണ് "ആയുസ്സിന്റെ പുസ്തകം" എന്ന പ്രശസ്തമായ നോവൽ രചിക്കുന്നത്.
നിരവധി നോവലുകളും ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ വിദേശകൃതികളുടെ തർജമകളും യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്. മലയാള സാഹിത്യപരമ്പരയുടെയും വിപുലമായ സാംസ്‌കാരിക അനുഭവങ്ങളുടെയും സ്വാധീനത്തിൽ രൂപപ്പെട്ട വ്യത്യസ്തമായ കഥന ശൈലിയാണ് ബാലകൃഷ്ണന്റേത്. 1988 -ൽ കെ ജി. ജോർജ്ജിന്റെ മറ്റൊരാൾ എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് സി വി.ബാലകൃഷ്ണൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നിവയുൾപ്പെടെ എട്ട് സിനിമകൾക്ക് അദ്ദേഹം കഥകൾ രചിച്ചു. ഓർമ്മ മാത്രം ഉൾപ്പെടെ ഏഴ് സിനിമകൾക്ക് തിരക്കഥ,സംഭാഷണം എന്നിവയും എഴുതി. സി വി. ബാലകൃഷ്ണന്റെ "സിനിമയുടെ ഇടങ്ങൾ" എന്ന പുസ്തകത്തിന് മികച്ച മികച്ച സിനിമാരചനക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പരൽമീൻ നീന്തുന്ന പാടം എന്ന ആത്മകഥയ്കും ഏതേതോ സരണികളിൽ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനും സാഹിത അക്കാദമി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


