അഗസ്റ്റിൻ ജോസഫ്
Attachment | Size |
---|---|
അഗസ്റ്റിൻ ജോസഫിന്റെ പന്ത്രണ്ടാം ചരമ വാർഷികത്തിന് വന്ന അനുസ്മരണം. | 200.95 KB |
അഗസ്റ്റിൻ ജോസഫ് - നടൻ, ഗായകൻ, കെ ജെ യേശുദാസിന്റെ പിതാവ്. 1912 മാർച്ച് 24 ന് എറണാകുളത്താണ് കാട്ടാശ്ശേരി അഗസ്റ്റിൻ ജോസഫ് ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ സംഗീതവാസന കാണിച്ച അദ്ദേഹത്തെ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയ സംഗീതം അഭ്യസിച്ച അഗസ്റ്റിൻ ജോസഫ്, നാടകങ്ങളിൽ പാടുവാനും അഭിനയിക്കുവാനും തുടങ്ങി. എലിസബത്തിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പാപ്പുക്കുട്ടി ഭാഗവതർക്കൊപ്പം നിരവധി നാടകങ്ങളിൽ അദ്ദേഹം പാടി അഭിനയിച്ചു. ആര്ട്ടിസ്റ്റ് പി ജെ ചെറിയാന്റെ മിശിഹാചരിത്രം അതിൽ പ്രശസ്തമാണ്. 1950 ൽ പുറത്തിറങ്ങിയ പി വി കൃഷ്ണയ്യർ സംവിധാനം ചെയ്ത നല്ലതങ്ക എന്ന ചിത്രത്തിലൂടെ അദ്ദേഹം നടനും പിന്നണിഗായകനുമായി. അദ്ദേഹം ആദ്യം ആലപിച്ച ഗാനം മനോഹരമീ മഹാരാജ്യം എന്നതായിരുന്നു. മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നല്ലതങ്ക. പിന്നീട് ഇ ആർ കൂപ്പർ സംവിധാനം ചെയ്ത വേലക്കാരനിലും അദ്ദേഹം പാടി അഭിനയിച്ചു. പാതുമാം ജഗദീശ്വരാ എന്ന അയ്യപ്പ ഭക്തിഗാനം അന്ന് വളരെയധികം പ്രശസ്തി നേടിയ ഗാനമായിരുന്നു. ഒരു ഗായകനെന്ന നിലയിൽ യേശുദാസ് സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത് കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു സിദ്ധിച്ചു. പലപ്പോഴും മോശമായ സാമ്പത്തിക ചുറ്റുപാടുകൾ മൂലം, തീയേറ്ററിന് പുറത്ത് നിന്ന് അദ്ദേഹത്തിന് മകന്റെ പാട്ടുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. 1965 ഫെബ്രുവരി മൂന്നിന് മദിരാശിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അവലംബം: നാരായണൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്, അഗസ്റ്റിൻ ജോസഫിന്റെ വീഥിയിലെ പ്രൊഫൈൽ