പി ജെ ചെറിയാൻ

P J Cheriyan
പി ജെ ചെറിയാൻ-നിർമ്മാതാവ്
Date of Death: 
Sunday, 18 January, 1981
ഷെവലിയർ പി ജെ ചെറിയാൻ

ഒരു മലയാളി നിര്‍മ്മിച്ച് മലയാളി സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രമായ നിര്‍മ്മലയുടെ നിര്‍മ്മാതാവായിരുന്നു പി ജെ ചെറിയാൻ.

1891 നവംബറിൽ ഞാറയ്ക്കല്‍ വടക്കുംതല തെക്കേവീട്ടില്‍ ജനിച്ച ചെറിയാന്‍, തൃശൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. ചിത്രരചനാവൈദഗ്ദ്ധ്യം നേടിയത് മദ്രാസ്, തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിലും ആര്‍ട്ടിസ്റ്റ് രാമവര്‍മ്മയുടെ ശിഷ്യത്വത്തിലുമായിരുന്നു. കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ഫോട്ടോഗ്രാഫറും ആയിരുന്ന ഇദ്ദേഹം, മാവേലിക്കര രാജാ രവിവര്‍മ്മ ചിത്രകലാ വിദ്യാലയത്തിന്റെ സ്ഥാപകരിലൊരാളും വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനുമായിരുന്നു.

കേരളത്തിലെ ആദ്യത്തെ ഫോട്ടോ സ്റ്റുഡിയോ ആയ റോയല്‍ സ്റ്റുഡിയോ 1927-ല്‍ കൊച്ചി നഗരത്തില്‍ സ്ഥാപിച്ചത് പി.ജെ.ചെറിയാനാണ്. എണ്ണച്ഛായ ചിത്രമെഴുത്തില്‍ അതിപ്രഗല്‍ഭനായിരുന്നു. സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചതും അതിനായുള്ള ഉദ്യമങ്ങൾക്ക് തുടക്കമിട്ടതും ഇദ്ദേഹമാണ്. ചെറിയാനും സുഹൃത്തുക്കളും ചേർന്ന് 1929-ല്‍ 'റോയല്‍ സിനിമാ ഡ്രാമാറ്റിക് കമ്പനി' എന്ന പേരിൽ ഒരു നാടകസംഘം രൂപീകരിച്ചു. ജ്ഞാനസുന്ദരി, പറുദീസ നഷ്ടം, നല്ല തങ്ക, സാവിത്രി സത്യവാന്‍ തുടങ്ങിയ നാടകങ്ങള്‍ ഇതിന്റെ നേതൃത്വത്തില്‍ പലയിടത്തും അവതരിപ്പിക്കുകയുണ്ടായി.  ഞാറയ്ക്കല്‍ 'സന്മാര്‍ഗ വിലാസ നടനസഭ'യുടെ സ്ഥാപകനുമാണ് ഇദ്ദേഹം. നാടക കലാകാരന്മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കിയ ആദ്യകാല സംഘങ്ങളില്‍ ഒന്നായിരുന്നു ഈ സഭ. ഈ നാടകസമിതിയുടെ ശ്രീരാമാരണ്യയാത്ര, മിശിഹാചരിതം തുടങ്ങിയ നാടകങ്ങള്‍ വളരെയേറെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. പി. എ. തോമസിന്റെ 'കേരള കലാ സമിതി'യുടെ നാടകങ്ങളിലും പി.ജെ. ചെറിയാൻ വേഷമിട്ടിട്ടുണ്ട്.

കേരള ടാക്കീസ് ലിമിറ്റഡിന്റെ ബാനറിൽ 1948 ൽ ഇറങ്ങിയ നിർമ്മലയ്ക്ക് ശേഷം തമിഴിൽ 'കനവ്' എന്നൊരു ചിത്രവും ഇദ്ദേഹം നിർമ്മിച്ചു.
എന്റെ കലാജീവിതം,' 'കലാ വീക്ഷണം' എന്നീ കൃതികളും രചിച്ചിട്ടുണ്ട്. ചിത്രകലയെ പരിപോഷിപ്പിക്കുന്നതിനും ചിത്രകലാകാരന്മാര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നേടിക്കൊടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചിത്രകലാ പരിഷത്തിന്റെ സ്ഥാപനത്തിനു മുന്‍കൈ എടുത്തത് ചെറിയാനായിരുന്നു. 1957-ല്‍ സ്ഥാപിച്ച ഈ സംഘടനയില്‍ ആദ്യകാലങ്ങളില്‍ രക്ഷാധികാരിയും 1961 മുതല്‍ അതിന്റെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.

കൊച്ചി മഹാരാജാവിന്റെ കൊട്ടാരം കലാകാരനും, ഫോട്ടോഗ്രാഫറുമായിരുന്ന ഇദ്ദേഹത്തിനു രാജാവില്‍ നിന്ന് വീരശൃംഖലയും കീര്‍ത്തിമുദ്രയും ലഭിച്ചിട്ടുണ്ട്. നാടകകാരനെന്ന നിലയില്‍ 'നവരംഗ്' അവാര്‍ഡ്, ചിത്രമെഴുത്തിനുള്ള പരിഷത്ത് അവാര്‍ഡ്, സംഗീത നാടക അക്കാദമിയുടെ 'മികച്ച നടനുള്ള അവാര്‍ഡ്' തുടങ്ങിയ ധാരാളം പുരസ്കാരങ്ങൾക്കും അർഹനായി. 1965-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ‘ഷെവലിയര്‍’ പട്ടം  സമ്മാനിച്ചതോടെയാണ് ഇദ്ദേഹം ഷെവലിയർ പി ജെ ചെറിയാൻ എന്നറിയപ്പെടാൻ തുടങ്ങിയത്. കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, ലളിത കലാ അക്കാദമി, സമസ്ത കേരള സാഹിത്യ പരിക്ഷത്ത്, കേരള ഫൈന്‍ ആര്‍ട്ട്‌സ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ അംഗമായും ഭാരവാഹിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1981 ജനുവരി 18 ന് പി.ജെ. ചെറിയാൻ അന്തരിച്ചു.