അനീഷ് രവി
മലയാള ചലച്ചിത്ര, സീരിയൽ നടൻ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് ജനിച്ചു. അച്ഛൻ രവീന്ദ്രൻ അമ്മ അംബുജാക്ഷി. അനീഷ് മലയാള സാഹിത്യത്തിൽ ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്. കൂടാതെ മീഡിയ കം ജേർണലിസത്തിൽ ഡിപ്ലോമയും കഴിഞ്ഞിട്ടുണ്ട്. അഞ്ച്, ആറ് വയസ്സുള്ളപ്പോൽ തന്നെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. നാട്ടിലും അടുത്ത പ്രദേശങ്ങളിലുമുള്ള ക്ലബുകൾക്കുവേണ്ടിയാണ് നാടകങ്ങളിൽ അഭിനയിച്ചിരുന്നത്. പിന്നീടാണ് മിമിക്രിയിലേയ്ക്ക് വന്നത്. കോളേജിൽ പഠിയ്ക്കുമ്പോൾ അനീഷ് സർവകലാശാലാതലത്തിൽ മിമികിയിൽ വിജയിയായിട്ടുണ്ട്. തുടർന്ന് മിമിക്രി വേദികളിൽ സജീവമാകാൻ തുടങ്ങി.
അനീഷ് രവി ബലികാക്കകൾ എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് ടെലിവിഷൻ രംഗത്തേയ്ക്കെത്തുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സ്നേഹതീരം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത മോഹനം എന്ന സീരിയലാണ് അനീഷ് രവിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന കോമഡി സീരിയലിലെ അനീഷ് രവി അവതരിപ്പിച്ച മോഹനകൃഷ്ണൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ ധാരാളം ആരാധകരെ നേടിക്കൊടുത്തു.
അനീഷ് രവി ആദ്യമായി അഭിനയിച്ച സിനിമ ഇലവങ്കോട് ദേശം ആയിരുന്നു. പക്ഷേ സിനിമ ഇറങ്ങിയപ്പോൾ അനീഷിന്റെ വേഷം പടത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ദോസ്ത് എന്ന സിനിമയിലാണ് അഭിനയിച്ചത്. അനീഷിന്റെ ആദ്യമിറങ്ങിയ സിനിമ ദോസ്ത് ആയിരുന്നു. തുടർന്ന് കാക്കി നക്ഷത്രം, കുട്ടനാടൻ മാർപ്പാപ്പ എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചു. ഇരുപത്തി അഞ്ചിലധികം സീരിയലുകളിൽ അനീഷ് അഭിനയിച്ചിട്ടുണ്ട്.
അനീഷിന്റെ ഭാര്യ ജയലക്ഷ്മി പി എസ് സി ഓഫീസിൽ ഉദ്യോഗസ്ഥയാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. അദ്വൈത്, അദ്വിക്.