അദ്വൈത് അജയ്
1999 സെപ്റ്റംബർ 9 നു അജയകുമാറിന്റെയും ബിനുവിന്റെയും മകനായി ബംഗളുരുവിലാണ് അദ്വൈതിന്റെ ജനനം. ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്വൈത് ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസിൽ നിന്നും വി.എഫ്.എക്‌സിൽ ബിരുദം നേടി.
സ്‌കൂൾ-കോളേജ് തലങ്ങളിൽ അഭിനയത്തിന് നിരവധി അംഗീകാരങ്ങൾ നേടിയ അദ്വൈത്, 2011 -ൽ കിരൺ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവൽസ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാരംഗത്തേക്ക് എത്തുന്നത്.
തുടർന്ന് ബാബുരാജിന്റെ മനുഷ്യമൃഗത്തിലും ഒരു ചെറുവേഷത്തിൽ അഭിനയിച്ചു. അനൂപ് കണ്ണൻ 2012 -ൽ ഒരുക്കിയ ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ട് അദ്വൈത് ശ്രദ്ധ നേടി. തുടർന്ന് ലിസമ്മയുടെ വീട്, വള്ളിയും തെറ്റി പുള്ളിയും തെറ്റി, ലിറ്റിൽ സൂപ്പർമാന് 3D എന്നീ ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ.
2019 -ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം തൃശൂർപൂരത്തിലെ വില്ലൻ വേഷം അദ്വൈതിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവാണ്.
അനേകം പരസ്യചിത്രങ്ങളൊരുക്കുകയും വട്ടമേശസമ്മേളനം എന്ന ആന്തോളജി ചിത്രത്തിലെ 'കൂട്ടായി ആരായി' എന്ന സെഗ്മെന്റ് സംവിധാനം ചെയ്യുകയും ചെയ്ത അജയ് കിഴുമലയാണ് അദ്വൈതിന്റെ പിതാവ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ-ഷോട്ട് ചിത്രമായ ഡ്രാമ (തമിഴ് ) ഒരുക്കിയതും ഇദ്ദേഹമാണ്.
കഴിഞ്ഞ പതിനഞ്ചോളം വർഷമായി പരസ്യ-സിനിമാ മേഖലയിൽ മേക്കോവർ ആർട്ടിസ്റ്റ് ആയി സജീവമാണ് മാതാവ് ബിനു അജയ്.
ചാർളി എന്ന ചിത്രത്തിലെ കല്പനയുടെ മകളുടെ വേഷം(തനു ) അഭിനയിച്ച കൃഷ്ണാഞ്ജലി അദ്വൈതിന്റെ സഹോദരിയാണ്.