ശ്യാം പുഷ്കരൻ
1984 സെപ്റ്റംബർ 6 നു പി എൽ ഗീതാദേവിയുടേയും എൻ പുഷ്കരന്റേയും മക്കളിൽ രണ്ടാമനായി ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനനം.
തുറവൂർ സർക്കാർ യു പി സ്കൂളിലും, ടി ഡി ഹയർ സെക്കണ്ടറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. മംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ ടെക്നോളജിൽ ബിരുദമെടുത്ത ശ്യാം പുഷ്ക്കരൻ ഡൽഹിയിൽ ഫാഷൻ ഡിസൈനറായി തുടക്കമിട്ടെങ്കിലും സിനിമയോടുള്ള ഇഷ്ടം മൂലം തിരുവനന്തപുരത്തെ ഡി സി ഫിലിം സ്കൂളിൽ നിന്നും ഡിജിറ്റൽ ഫിലിം മേക്കിംഗിൽ പി ജി ഡിപ്ലോമ ചെയ്തു. കോഴ്സ് പൂർത്തിയായ ശേഷം ആദ്യമായി സിനിമയുടെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത് അജ്മൽ സംവിധാനം ചെയ്ത റിംഗ് ടോൺ എന്ന ചിത്രത്തിൽ സംവിധാന സഹായിയായിക്കൊണ്ടാണ്. തുടർന്ന് നടൻ ഗോവിന്ദൻകുട്ടി സംവിധാനം ചെയ്ത 3 ചാർ സൗ ബീസ് എന്ന ചിത്രത്തിലും സംവിധാനസഹായിയായി. രണ്ടു ചിത്രങ്ങളിലും ശ്യാമിനോടൊപ്പമുണ്ടായിരുന്ന ദിലീഷ് പോത്തൻ പിന്നീട് ശ്യാമിന്റെ തിരക്കഥകളെ കഥാകൃത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ രസക്കൂട്ടുകളോടെ സംവിധാനം ചെയ്തത് ആ ദീർഘകാല സൗഹൃദത്തിന്റെ സ്വാഭാവിക പരിണതിയാണ്.
പുസ്തകപ്രേമിയും എഴുത്തുകാരിയുമായ അമ്മയും കഥാപ്രസംഗം എന്ന കലയുടെ ആരാധകനായിരുന്ന അച്ഛനും തന്റെ ലാവണ്യബോധത്തെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നു പറയുന്ന ശ്യാം പുഷ്കരന്റെ സഹോദരിയും കഥകൾ എഴുതുമായിരുന്നു.
റൂംമേറ്റും സുഹൃത്തുമായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി. സൂപ്പർ സ്റ്റാറുകളും വില്ലന്മാരുമില്ലാത്ത ഒരു ചെറു ചിത്രമൊരുക്കുക എന്ന ആഗ്രഹം "സാൾട്ട് &പെപ്പറിലൂടെ" അപ്രതീക്ഷിത വിജയമായത് തിരക്കഥാ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ കാരണമായി. ആഷിക് അബു - ദിലീഷ് - ശ്യാം പുഷ്ക്കരൻ - അഭിലാഷ് നായർ ടീമിന്റേതായി പുറത്തിറങ്ങിയ 22 ഫീമെയ്ൽ കോട്ടയം, ടാ തടിയാ എന്നീ ചിത്രങ്ങൾ മലയാളത്തിലെ ന്യൂജനറേഷൻ സിനിമാ വിഭാഗങ്ങളിൽ മികച്ചതായി കണക്കാക്കപ്പെടുന്നു.
2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച ശ്യാം 2016ലെ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടി. ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനി സ്ഥാപിച്ചു.
ഭാര്യ ഉണ്ണിമായയും ചലച്ചിത്രലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.