വാൾട്ടർ ജോസ്
ഹാർമോണിയം കലാകാരൻ എം എം ജോസിന്റേയും മാഗി ജോസിന്റേയും മകനായി ജനിച്ചു. പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ലാലിന്റെ പിതൃ സഹോദരപുത്രനാണ് വാൾട്ടർ ജോസ്. സിദ്ദിഖ് - ലാൽ സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്കെത്തുന്നത്. സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് വാൾട്ടർ ജോസിന്റെ തുടക്കം.
തുടർന്ന് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളിലും സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക്ക് ബാച്ചിലർ എന്നീ ചിത്രങ്ങളിലും സംവിധാന സഹായിയായും സഹ സംവിധായകനായും പ്രവർത്തിച്ചു. ലാൽ ജോസിന്റെ ചാന്ത്‌പൊട്ട് എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്ററായിരുന്ന വാൾട്ടർ ജോസ് കലാധരൻ സംവിധാനം ചെയ്ത ടോം ആൻഡ് ജെറി എന്ന സിനിമയിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. പന്ത്രണ്ട് സിനിമകളിൽ വിവിധ സംവിധായകരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2024 - ജൂലൈയിൽ വാൾട്ടർ ജോസ് അന്തരിച്ചു.