വേണുജി
തിരുവനന്തപുരം പട്ടം സ്വദേശിയായ വേണുഗോപാൽ എന്ന വേണുജി നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. പുട്ടപുർത്തിയിലും ബെംഗളൂരുവിലെ വൈറ്റ് ഫീൽഡ് കോളേജിലുമായിരുന്നു വേണുഗോപാലിന്റെ പഠനം. അതോടൊപ്പം പുട്ടപുർത്തി ആശ്രമത്തിലെ ചുമതലകൾ ഏറ്റെടുത്തിരുന്നു. തെയ്യം, ആസ്ഥാന വിദൂഷകൻ തുടങ്ങിയ പ്രശസ്ത നാടകങ്ങളിലുൾപ്പെടെ നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1987 -ൽ .കിഷൻ കർത്ത സംവിധാനം ചെയ്ത അംശിനി എന്ന ഹിന്ദി സിനിമയിൽ നായകനായി. അംശിനി ഇന്ത്യൻ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുശേഷം സായ്‌വർ തിരുമേനി, കൃഷ്ണാ ഗോപാൽകൃഷ്ണ, മേഘസന്ദേശം എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഓമനത്തിങ്കൾ പക്ഷി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളിലും വേണുഗോപാൽ എന്ന വേണുജി അഭിനയിച്ചിട്ടുണ്ട്. തിരക്കുള്ള ജീവിതത്തിൽനിന്നു പെട്ടെന്ന് ആത്മീയതയിലേക്കുവഴിമാറിയ വേണുജി പിന്നീട് വർഷങ്ങളോളം കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലാണ് കഴിഞ്ഞിരുന്നത്.
വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന് അറുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.