വി പി വർഗീസ്

Varghese Chengannoor
V P Varghese-First Film Editor-Pic1-M3DB
വർഗീസ് ചെങ്ങന്നൂർ
V P Varghese

തിരുവല്ല കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി പുന്നക്കാട് കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 22-ആം വയസ്സിൽ തൊഴിലഭ്യാർത്ഥം ബോംബെക്കു വണ്ടി കയറി. അന്വേഷിച്ചു നടക്കുന്നതിനിടയിൽ സരസ്വതി ഫിലിംസ് ലബോറട്ടറിയിൽ ചെറിയൊരു ജോലി ലഭിച്ചു. പിന്നെ ജയന്തി ഫിലിംസിലേക്ക് മാറി. ഫിലിം ഡെവലപ്പിങ്ങും പ്രിന്റിങ്ങുമൊക്കെ അവിടെ നിന്നാണ് പഠിച്ചത്.  യന്ത്ര സാമഗ്രികളൊന്നുമില്ലാതെ എഡിറ്റിംഗ് കൈകൾ കൊണ്ട് ചെയ്യുന്ന കാലത്താണ് വർഗീസ് എഡിറ്റിംഗ് അഭ്യസിക്കുന്നത്. 1936ൽ മോഡേൺ തിയറ്റേഴ്സിനു വേണ്ടി എഡിറ്റ് ചെയ്ത ‘ഉത്തമപുത്ര’നായിരുന്നു വർഗ്ഗീസിന്റെ ആദ്യ ചിത്രം. എഡിറ്റിംഗ് യന്ത്രമായഅ മൂവിയോളയൊന്നും ലഭ്യമാവാതിരുന്നതിനാൽ ഒരോഷോട്ടിന്റെയും മുന്നിലും പിന്നിലും ക്ലാപ്പ്ബോർഡ് കാണിച്ചു കിട്ടുന്ന നമ്പർ വഴി സീക്വൻസ് മനസിലാക്കിയായിരുന്നു എഡിറ്റിംഗ് ചെയ്തുകൊണ്ടിരുന്നത്. ജീവിതനൗക തെലുങ്കിലേക്ക് ഡബ് ചെയ്തത് വർഗീസായിരുന്നു. തുടർന്ന്, ഹിന്ദിയിലും. മലയാളത്തിൽ പിൽക്കാലത്ത് ശ്രദ്ധേയരായ പല എഡിറ്റർമാരും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. വെങ്കിട്ടരാമൻ, എം എൻ അപ്പു, വീരപ്പൻ, വിച്ചു, ധ്വരരാജ്, ശിവാനന്ദ്, വില്യംസ് (ആലം) തുടങ്ങിയ നിരവധി പേർ വർഗീസിന്റെ ശിഷ്യഗണത്തിൽപ്പെടുന്നു. ‘വിശപ്പിന്റെ വിളി’ക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നത്- പതിനായിരം രൂപ. അന്നൊക്കെ 150 രൂപയായിരുന്നു സാധാരണ എഡിറ്ററുടെ ശമ്പളം. എം.ജി. ആറിന്റെ രണ്ടാമത്തെ ചിത്രം ‘ആന്റമാൻ കൈതി’യുടെ എഡിറ്ററും വർഗീസായിരുന്നു.

‘ബാലൻ’ എന്ന ആദ്യ മലയാള ശബ്ദചിത്രത്തിന്റെ എഡിറ്ററായി പ്രവർത്തിക്കുന്നതിനു മുമ്പ് വർഗീസ് നിരവധി നിശ്ശബ്ദചിത്രങ്ങൾ വിവിധ ഭാഷകളിൽ എഡിറ്റു ചെയ്തിരുന്നു. ‘ജീവിതനൗക’, ‘വിശപ്പിന്റെ വിളി’, ‘കൊച്ചുമോൻ’, ‘ജനോവ’ (എം.ജി.ആറിന്റെ ആദ്യ മലയാളചിത്രം), ‘കടമറ്റത്തച്ചൻ’, ‘ഇന്ദുലേഖ’ തുടങ്ങിയ അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം എഡിറ്ററായി. ഏഴോളം ഹിന്ദിച്ചിത്രങ്ങൾ, ആറു കന്നട, നാലു തെലുങ്ക് എന്നിവയിലും എഡിറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം അസിസ്റ്റന്റ് എഡിറ്റർ അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മാ വർഗീസായിരുന്നു. പ്രായമേറിയതോടെ എഡിറ്റിംഗ് രംഗം വിട്ട വർഗീസ് കുറേനാൾ മദ്രാസിലെ സിനിമക്കാർക്കിടയിൽ സ്റ്റോക് ഷോട്ടുകൾ* വിതരണം ചെയ്തിരുന്നു. കിട്ടുന്ന ചെറു തുക കൊണ്ട്  ഏട്ടുമക്കൾ അടങ്ങുന്ന വലിയ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും   സംവിധായകർ സിനിമക്ക് വേണ്ട എല്ലാ രംഗങ്ങളും ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ സ്റ്റോക്ക് ഷോട്ടുകൾക്കും വർഗീസിനും പ്രസക്തിയില്ലാതെയായി മാറി.1979ൽ ഭാര്യ മരിച്ചതോടെ വർഗീസിന്റെ താങ്ങും തണലും നഷ്ടമായി. പൂർണ്ണദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ട വർഗീസിന് ക്രമേണ ഓർമ്മ ശക്തിയും നഷ്ടമായി. ചെന്നൈയിലെ ദശരഥപുരത്തെ തെരുവിലെ ഒരു ചെറുവീട്ടിൽ അദ്ദേഹം മരണമടഞ്ഞു. 

പ്രൊഫൈലിന് അവലംബമായ പി കെ ശ്രീനിവാസന്റെ കോടമ്പാക്കം ബ്ലാക്ക് & വൈറ്റ് എന്ന പുസ്തകത്തിൽ നിന്ന് : “അവസാനകാലത്ത് ദശരഥപുരത്തെ കൊച്ചുവീട്ടിൽ നാനൂറോളം തുരുമ്പിച്ച ഫിലിം കാനുകൾക്കിടയിൽ വർഗീസ് ഒതുങ്ങിക്കൂടി. ഒരിക്കൽ , ഞാനദ്ദേഹത്തെ കാണാനത്തെിയപ്പോൾ പഴയകാല ഷോട്ടുകൾ കാണിച്ചു. ഗാന്ധിജിയും ശിഷ്യരും ഉപ്പുസത്യഗ്രഹത്തിന് പോകുന്നത്, നെഹ്റുവും ഗാന്ധിജിയുംകൂടി സംസാരിച്ചിരിക്കുന്നത്, പട്ടേലിന്റെ പ്രസംഗം, എന്തിന് ഇന്ദിരഗാന്ധിയുടെ യോഗംപോലും വർഗീസ് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടായിരുന്നു. 1979ൽ ഭാര്യ മരിച്ചതോടെ വർഗീസിന്റെ താങ്ങുംതണലും നഷ്ടപ്പെട്ടു. എട്ടു പ്രസവിച്ച അവരെ എ.വി.എമ്മിനു സമീപമുള്ള ശ്മശാനത്തില് കുഴിച്ചിട്ടു. ക്രമേണ ഓർമ്മ നഷ്ടപ്പെട്ടപ്പോൾ വർഗീസിന്റെ  ദൈന്യതകൾക്ക് പ്രസക്തിയില്ലാതായി. വിശപ്പും ദാഹവും പഴങ്കഥയായി. കാനുകൾക്കിടയിലെ കീറിയ പായയിൽ വർഗീസ് കിടന്നു. അയൽക്കാർ പോലും അറിയാതെ അദ്ദേഹം ഒരുനാൾ അന്ത്യശ്വാസംവലിച്ചു. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ‘ബാലന്റെ’  ചിത്രസംയോജകന്റെ മരണം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അറിഞ്ഞില്ല, ആഘോഷിച്ചുമില്ല. അദ്ദേഹത്തെ മക്കളും മരുമക്കളും ചെറുമക്കളുംകൂടി എ.വി.എമ്മിനു പിന്നിലെ ശ്മശാനത്തിൽ അടക്കംചെയ്തു. വർഗീസിന്റെ ചരിത്രം ആരും എഴുതിയില്ല. വർഗീസിന്റെ പേരിൽ ആരും അവാർഡുകൾ സ്ഥാപിച്ചില്ല. അദ്ദേഹത്തിന്റെ പഴകി ദ്രവിച്ച എഡിറ്റിങ് ടേബിളും തുരുമ്പിച്ച കത്രികയും സിമന്റുകുപ്പിയും സ്റ്റോക് ഷോട്ടുകളും മ്യൂസിയത്തിലേക്ക് കൊണ്ടുപോകാനും ആരും വന്നില്ല. ശ്രദ്ധേയനായ ആ സാങ്കേതിക വിദഗ്ധനും കോടമ്പാക്കത്തിന്റെ മറവിയിൽ എന്നെന്നേക്കുമായി വിലയംപ്രാപിച്ചു.”  

*സ്റ്റോക് ഷോട്ടുകൾ - പല സിനിമകൾക്കും ആവശ്യമായി വരുന്ന കോമൺ സീനുകൾ. ഇടിമിന്നലും സിംഹം അലറുന്നതും ആനകൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതും കഴുകൻ പറക്കുന്നതും വിമാനങ്ങൾ ഉയരുന്നതും താഴുന്നതും കുറുക്കൻ ഓരിയിടുന്നതുമൊക്കെ വർഗീസിന്റെ സഞ്ചിയിൽ ഉണ്ടായിരുന്നു.