ജയചന്ദ്രൻ ബി
1974 മെയ് 28 ന് തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ ബാലകൃഷ്ണൻ നായരുടെയും ശാന്തമ്മയുടെയും മകനായി ജനിച്ചു. നെടുമങ്ങാട് ബി എച്ച് എസിലായിരുന്നു ജയചന്ദ്രന്റെ വിദ്യാഭ്യാസം. അതിനു ശേഷം പ്രൈവറ്റായി ബി എ പൂർത്തിയാക്കി.. സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ മിമിക്രി, നാടകം എന്നിവയിൽ തത്പരനായിരുന്നു. മിമിക്രിയിലായിരുന്നു തുടക്കം, പിന്നീട് നാടകാഭിനയത്തിൽ സജീവമായി.
നാടകങ്ങളിലൂടെയായിരുന്നു തോന്നയ്ക്കൽ ജയചന്ദ്രൻ ശ്രദ്ധിയ്ക്കപ്പെട്ടത്. ദൂത ഘടോൽക്കചം, ഈഴവ ശിവൻ, പൂർവ്വ പക്ഷത്തിലെ ശിലാഗോപുരങ്ങൾ എന്നിവയുൾപ്പെടെ അമച്വറും പ്രൊഫഷണലുമായി നിരവധി നാടകങ്ങളിൽ ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 2009 -ൽ സുനിൽ സംവിധാനം ചെയ്ത കഥ പറയും തെരുവോരം എന്ന ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിൽ അറുപത്തി അഞ്ച് വയസ്സു പ്രായമുള്ളയാളായിട്ടായിരുന്നു അദ്ദേഹം അഭിനയച്ചത്. റോസാപ്പൂ, കലാമണ്ഡലം ഹൈദരാലി, ബിരിയാണി എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിൽ നായികയുടെ ഭർത്താവിന്റെ റോളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ചവെച്ചു.
സിനിമയും നാടകവും കൂടാതെ ഷോർട്ട് ഫിലിമുകളിലും ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്ക്കാരം, കെസിബിസിയുടെ മികച്ച നടനുള്ള അവാർഡ്, ട്രിവാൻഡ്രം ടിഫയുടെ മികച്ച നടനുള്ള ജൂറി അവാർഡ് എന്നിങ്ങനെ പ്രാദേശികമായ നിരവധി പുരസ്ക്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, മഴവിൽ മനോരമ, സീ കേരളം, അമൃത എന്നീ ചാനലുകളിലെ കോമഡി ഷോകളിൽ അദ്ദേഹം സജീവമാണ്.
തോന്നയ്കൽ ജയചന്ദ്രന്റെ ഭാര്യ സോഫിയ. മക്കൾ അനന്തരാമൻ, വൈഗ