ടി കെ ഭാരതി

T K Bharathi

പാലക്കാട് ജില്ലയിലെ വാണിയംകുളം പനയൂർ കാട്ടീരി വീട്ടിൽ ടി കെ ഭാരതി ജനിച്ചത്. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൈകൊട്ടിക്കളി അവതരിപ്പിച്ചുകൊണ്ടാണ് ഭാരതി കലാരംഗത്തെത്തുന്നത്. അതിനുശേഷം നാട്ടിലെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. സർപ്പവ്യൂഹം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിൽ എത്തുന്നത്. തുടർന്ന് കൊച്ചിൻ സംഘമിത്ര, തൃപ്പൂണിത്തുറ കലാശാല, ചാലക്കുടി സാരഥി എന്നിങ്ങനെ നിരവധി പ്രൊഫഷണൽ നാടക കമ്പനികളുടെ നാടകങ്ങളിൽ അഭിനയിച്ചു..കന്യാകുമാരിയിലെ ഒരു കടങ്കഥ, ഇന്ധനം, പ്രതിഭാസം, കേളി ഒരുവഴിയും കുറേ നിഴലുകളും(ഡബിൾ റോൾ) എന്നിവയുൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

പ്രശസ്ത നടനും നാടകസംവിധായകനുമായിരുന്ന തിലകനായിരുന്നു പ്രൊഫഷണൽ നാടകരംഗത്തെ ഭാരതിയുടെ ഗുരു.പിന്നീട് ആകാശവാണി നാടകങ്ങളിലേക്ക് ശ്രീമൂലനഗരം മോഹൻ വഴിയാണ് എത്തുന്നത്. തുടർന്ന് ആകാശവാണിയിൽ ധാരാളം നാടകങ്ങളിൽ ശബ്ദം പകർന്നു. പതിനഞ്ചുവർഷത്തോളം നീണ്ട നാടക ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഭാരതിക്ക് ലഭിച്ചിട്ടുണ്ട്. വിക്രം സാരാഭായ് സ്പെയ്‌സ് സെന്റർ നടത്തിയ സംസ്ഥാന നാടകമത്സരത്തിൽ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്ആർടിസി നടത്തിയ സംസ്ഥാന നാടക മത്സരത്തിൽ രണ്ടുതവണ നല്ല നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 1987 -ൽ പവിത്രൻ സംവിധാനം ചെയ്ത ഉപ്പ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമാഭിനയരംഗത്തും തന്റെ സാന്നിധ്യമറിയിച്ച ടി കെ.ഭാരതി പിന്നീട് 2017 -ൽ കെ കെ ഹരിദാസ് സംവിധാനം ചെയ്ത ഞാവൽപ്പഴം എന്ന സിനിമയിലും അഭിനയിച്ചു. 

1989 -ൽ പ്രൊഫഷണൽ നാടക രംഗത്തുനിന്ന് വിരമിച്ച ഭാരതി മകളോടൊപ്പം കോയമ്പത്തൂരിൽ താമസമാക്കി. ഭർത്താവ്: പരേതനായ എൻ ആർ സി നായർ. മകൻ: ജയൻ. മകൾ മിനി. 2025 നവംബറിൽ ഭാരതി അന്തരിച്ചു.