സൗമിനി

Saumini

 

സിൽക്ക് സ്മിതയ്ക്ക് പകരക്കാരിയായെത്തി, 
സ്മിതയ്ക്കും മുമ്പേ ജീവനൊടുക്കിയ 
സൗമിനി ... 
1978 ഡിസംബർ മാസത്തിൽ പരിപൂർണ്ണമായും ബോംബെയിൽ വച്ച് ചിത്രീകരണം പൂർത്തിയായ ചിത്രമാണ് പഞ്ചപാണ്ഡവർ. വർണ്ണാലയായുടെ ബാനറിൽ നടരാജൻ, ചാവക്കാട് ഹമീദ്, കെ.ജി.മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവാഗതനായ 
ശേഖർ കാവശ്ശേരി സംവിധാനം ചെയ്തു (ഈ ചിത്രത്തിന്റെ പരസ്യങ്ങളിൽ സംവിധായകന്റെ സ്ഥാനത്ത് രാജേഷ് എന്ന പേരാണ് നല്കിയിരുന്നത്). 
അന്നത്തെ പ്രമുഖ താരമായിരുന്ന രാഘവൻ, അന്ന് നായക നിരയിലേക്ക് ഉയർന്നിട്ടില്ലാത്ത ജയൻ ബോംബെ മലയാളിസമാജം അമച്വർ സ്റ്റേജ് ആർട്ടിസ്റ്റുകളായ ബാലാജി, ചാക്യാർ രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ നായികയായത് സൗമിനി എന്ന പുതുമുഖം ആയിരുന്നു. നായികയായി ആദ്യം തീരുമാനിച്ചത് വിജയലക്ഷ്മി എന്ന ആന്ധ്രാ സ്വദേശിനിയായ പുതുമുഖത്തെ ആയിരുന്നു. എന്നാൽ പഞ്ചപാണ്ഡവരുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പേ ആ നടി ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ കരാറായി. സിനിമയ്ക്കു വേണ്ടി വിജയലക്ഷ്മിയുടെ പേര് സ്മിത എന്നു മാറ്റി (ഇതേ സ്മിത പിൽക്കാലത്ത് സിൽക്ക് സ്മിത എന്ന പേരിൽ തെന്നിന്ത്യയുടെ താരറാണിയായി മാറി, ഒടുവിൽ ആരാധകരെയും ചലച്ചിത്രലോകത്തെയും നടുക്കിക്കൊണ്ട് സ്വയം ജീവനൊടുക്കി).
ഇണയെത്തേടിയുടെ സെറ്റിൽ നിന്നും പഞ്ചപാണ്ഡവരിൽ അഭിനയിക്കാൻ സ്മിതയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചപാണ്ഡവരിലെ നായികയാകാൻ നറുക്കുവീണ നടിയാണ് നർത്തകി കൂടിയായ സൗമിനി. ഉമാമഹേശ്വരി എന്ന പേര് സിനിമയ്ക്കു വേണ്ടി സൗമിനി എന്ന്മാറ്റുകയായിരുന്നു.
ബോംബെയിലെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയ നായിക കഥാപാത്രത്തെ വളരെഭംഗിയായി ഈ നടി അവതരിപ്പിച്ചു എന്ന് പഞ്ചപാണ്ഡവരുടെ പ്രിവ്യൂഷോ കണ്ടവർ സാക്ഷ്യപ്പെടുത്തിയിരുന്നു. ജയനും സൗമിനിയും ഒന്നിച്ചുള്ള നിന്റെ ചിരിയോ നീഹാരമണിതൻ പുഞ്ചിരിയോ 
പുലരിയാദ്യം കണ്ടു എന്ന ഗാനരംഗം 
ബോംബെയുടെ ദൃശ്യ മനോഹാരിതയിൽ ഏറെ ആകർഷണീയമായി ചിത്രീകരിച്ചതാണ്. നിർമ്മാതാക്കൾ തമ്മിലുള്ള തർക്കംമൂലം ഈ ചിത്രം റിലീസായില്ല. പിന്നീട് സൗമിനിക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. തുടർന്ന് സൗമിനി ഒരു നർത്തകി എന്ന നിലയിൽ ശ്രദ്ധേയയാവുകയും, സ്വന്തമായി നൃത്തവിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചു.
ആലപ്പി രംഗനാഥ് സംവിധാനം ചെയ്ത 
അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രത്തിൽ സൗമിനിയായിരുന്നു നായിക. പക്ഷെ ആ ചിത്രം വന്നതും പോയതും അധികമാരും അറിഞ്ഞില്ല. പച്ചവെളിച്ചം എന്ന ചിത്രത്തിൽ മധുവിന്റെ രണ്ടാംഭാര്യയായി അഭിനയിച്ചത് സൗമിനി ആയിരുന്നു.
അമൃതംഗമയ എന്ന ചിത്രത്തിൽ ഡോക്ടറായ മോഹൻലാലിന്റെ ഹോസിപിറ്റലിലെ നേഴ്സ് ആയി അഭിനയിച്ചു. അതിന്റെ ചിത്രീകരണ വേളയിൽ സൗമിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 
അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച പഞ്ചപാണ്ഡവരിൽ സൗമിനിയ്ക്ക് നേഴ്സിന്റെ വേഷമായിരുന്നു.
ആ ചിത്രം പുറത്തിറങ്ങിയില്ല.
അവസാന ചിത്രമായ അമൃതംഗമയയിലും സൗമിനിക്ക് നേഴ്സിന്റെ വേഷമായിരുന്നു.
ആ ചിത്രം പുറത്തിറങ്ങിയപ്പോൾ സൗമിനി ഉണ്ടായിരുന്നില്ല.

കടപ്പാട്: റോയ് വി ടി യുടെ ഫേസ്ബുക്ക് പോസ്റ്റ്