സത്യരാജ്

Sathyaraj

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  1954 ഒക്ടോബറിൽ സുബ്ബയ്യന്റെയും നാദാംബാളിന്റെയും മകനായി കോയമ്പത്തൂരിൽ ജനിച്ചു. രംഗരാജ് സുബ്ബയ്യ എന്നതായിരു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. സത്യരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം കോയമ്പത്തൂർ സെന്റ്തോമസ് സ്കൂളിലായിരുന്നു. തുടർന്ന് പത്താം ക്ലാസുവരെ പഠിച്ചത് കോയമ്പത്തൂർ രാംനഗർ സബർബൻ ഹൈസ്കൂളിൽ. അതിനുശേഷം കോയമ്പത്തൂർ ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി. കുട്ടിക്കാലം മുതലേ എം ജി ആറിന്റെയും രാജേഷ് ഖന്നയുടെയും കടുത്ത ആരാധകനായിരുന്ന സത്യരാജിന്റെ സ്വപ്നം ഒരു സിനിമാതാരമാകുക എന്നതായിരുന്നു. വീട്ടുകാർക്ക് എതിർപ്പായിരുന്നെങ്കിലും അതവഗണിച്ചുകൊണ്ട് അദ്ദേഹം സിനിമാമോഹവുമായി കോടമ്പാക്കത്തേയ്ക്ക് പോയി.

നടനും നിർമ്മാതാവുമായിരുന്ന ശിവകുമാറിനെ പരിചയപ്പെട്ടതാണ് സത്യരാജിന് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്. 1978-ൽ Sattam En Kaiyil എന്ന സിനിമയിൽ വില്ലന്റെ പ്രധാന  സഹായിയുടെ വേഷം ചെയ്തുകൊണ്ടാണ് സത്യരാജിന്റെ സിനിമയിലെ തുടക്കം. പിന്നീട് ചില സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി വർക്ക്ചെയ്തു. ചില പടങ്ങളിലെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു. 1985 -ൽ ഇറങ്ങിയ Saavi എന്ന സിനിമയിലാണ് സത്യരാജ് ആദ്യമായി നായക വേഷം ചെയ്യുന്നത്. 1978 - 85 കാലയളവിൽ 75 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അവയിൽ ഭൂരിഭാഗം വേഷങ്ങളും സിനിമയിലെ മെയിൻ വില്ലനായ എം എൻ നമ്പ്യാരുടെ സഹായിയായ വില്ലൻ വേഷമായിരുന്നു. 1984-ൽ സത്യരാജിന്റെ സുഹൃത്തായ മണിവണ്ണൻ സംവിധാനം ചെയ്ത 24 mani neram  എന്ന ചിത്രത്തിലെ വില്ലൻ വേഷം സത്യരാജിന്റെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. അത് അദ്ദേഹത്തെ ശ്രദ്ധിയ്ക്കപ്പെടുന്ന നടനാകാൻ സഹായിച്ചു. 1985-ൽ റിലീസ് ചെയ്ത Kakki Sattai, 1986-ൽ റിലീസായ Vikaram എന്നീ സിനിമകളിൽ നായകനായ കമലഹാസന്റെ വില്ലനായി അഭിനയിച്ച് സത്യരാജ് പ്രേക്ഷക പ്രീതിനേടി. 1986 മുതൽ 1999 വരെ തമിഴിലെ മുൻനിര നായകനായി അദ്ദേഹം നിറഞ്ഞു നിന്നു. 2000 ത്തിനു ശേഷം സത്യരാജ് കോമഡി റോളുകളിലേയ്ക്കും പിന്നീട് കാരക്ടർ റോളുകളിലേയ്ക്കും മാറി.

സത്യരാജ് 1985-ലാണ് ആദ്യമായി മലയാളത്തിലഭിനയിയ്ക്കുന്നത്. രണ്ടും രണ്ടും അഞ്ച് എന്ന സിനിമയിലായിരുന്നു മലയാളത്തിൽ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് 2010-ൽ ആഗതൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2020-ൽ കാളിയൻ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. തെലുങ്ക് സിനിമയായ ബാഹുബലി എന്ന സിനിമയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക പ്രീതിനേടി.

സത്യരാജിന്റെ വിവാഹം 1979-ലായിരുന്നു. മഹേശ്വരിയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു മക്കളാണ് അവർക്കുള്ളത്. മകൾ ദിവ്യ, മകൻ ഷിബിരാജ്. ഷിബിരാജ് അഭിനേതാവാണ്.