സലിൽ വി
1978 ജൂൺ 2 ന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന എം പി ശങ്കരന്റെയും മീനാകുമാരിയുടെയും മകനായി ജനിച്ചു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലായിരുന്നു ഏഴാംക്ലാസുവരെയുള്ള പഠനം. തുടർ പഠനം തേഞ്ഞിപ്പലം സെന്റ്പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ. ഫാറൂഖ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, മലപ്പുറം IHRD കോളെജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും ബി എസ് സി കമ്പ്യൂട്ടർ സയൻസും കഴിഞ്ഞു. പഠനത്തിന് ശേഷം വിപ്രോ, മൈക്രോലാന്ഡ്, ഫിഡലിറ്റി ഇൻവെസ്റ്റ്മെന്റ്സ് എന്നീ കമ്പനികളിൽ പതിമൂന് വർഷത്തോളം ജോലിചെയ്തു.
2011 ലാണ് സലിൽ ഷോർട്ട് ഫിലിം രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സുഹൃത്ത് രഞ്ജിത്ത് കമലശങ്കറിനോടൊപ്പമായിരുന്നു ഷോർട്ട് ഫിലിം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ജോലിയിൽ നിന്നും രാജിവെച്ചതിനുശേഷം സലിൽ സിനിമാഫീൽഡിൽ സജീവമാകാൻ തുടങ്ങി. 2013 ൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ സംവിധാന സഹായിയായിട്ടായിരുന്നു സിനിമയിൽ തുടക്കമിടുന്നത്. അതിനുശേഷം കോഹിനൂർ എന്ന ചിത്രത്തിന് രഞ്ജീത്ത് കമലശങ്കറിനോട് ചേർന്ന് തിരക്കഥ എഴുതി. പിന്നീട് വർഷം, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ.. എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനായി. അന്വേഷണം എന്ന സിനിമയ്ക്ക് രഞ്ജിത്ത് കമലശങ്കറിനോട് ചേർന്ന് സംഭാഷണം, അഡീഷണൽ സ്ക്രീൻപ്ലേ രചിക്കുകയും അതിൽ ഒരു ചെറിയ റോളിൽ അഭിനയിക്കുകയും ചെയ്തു. രഞ്ജിത്ത് കമലാശങ്കറിനൊപ്പം ചതുർമുഖം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സലിൽ സംവിധാനരംഗത്തേയ്ക്കും പ്രവേശിച്ചു.
സലിലിന്റെ ഭാര്യ ശ്രീലക്ഷ്മി കോഴിക്കോട് എയർപോർട്ട് സ്ക്കൂളിൽ ടീച്ചറായി വർക്ക് ചെയ്യുന്നു. രണ്ട് മക്കൾ പേര് അഭിമന്യു, നിരഞ്ജൻ.