സാജൻ സൂര്യ
മലയാള ചലച്ചിത്ര,സീരിയൽ നടൻ. തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ സതീശന്റെയും സൂര്യകലയുടെയും മകനായി ജനിച്ചു. സാജൻ എസ് നായർ എന്നതാണ് യത്ഥാർത്ഥ നാമം. വിദ്യാഭ്യാസത്തിനുശേഷം സാജൻ അഭിനയമോഹവുമായി നാടകങ്ങളിൽ അഭിനയിയ്ക്കാൻ തുടങ്ങി. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ എന്ന പേരിൽ ഒരു നാടക കമ്പനി തുടങ്ങി. നാല് വർഷത്തോളം നാടക കമ്പനി നടത്തിയെങ്കിലും താമസിയാതെ സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി പിരിച്ചുവിട്ടു.
സാജൻ സൂര്യയുടെ അച്ഛൻ സർക്കാർ ജീവനക്കാരനായിരുന്നു. അദ്ദേഹം അസുഖ ബാധിതനായി മരിച്ചതിനാൽ ആശ്രിത നിയമന പ്രകാരം സാജന് സെക്രട്ടറിയേറ്റിൽ ക്ലർക്കായി ജോലി കിട്ടി. ഏതാണ്ട് ആ സമയത്ത് തന്നെയാണ് അദ്ദേഹം സീരിയലിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. 1999 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത "അശ്വതി" ആണ് സാജൻ സൂര്യ അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് ദൂരദർശൻ, സൂര്യ ടി വി, ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നീ ചാനലുകളിലായി നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആദ്യ സിനിമ 2006 ൽ ഇറങ്ങിയ ബംഗ്ലാവിൽ ഔത ആയിരുന്നു. നായക പ്രാധാന്യമുള്ള വേഷമാണ് സാജൻ ആ സിനിമയിൽ ചെയ്തത്. തുടർന്ന് പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ ഷോകളിലും സാജൻ പങ്കെടുക്കാറുണ്ട്. നിരവധി മ്യൂസിക്ക് വീഡിയോകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ സാജൻ ചില സിനിമകളിൽ ശബ്ദം പകർന്നിട്ടുണ്ട്.
സാജൻ സൂര്യയുടെ ഭാര്യ വിനീത. മക്കൾ മാളവിക, മീനാക്ഷി.