പ്രസാദ്
ആലപ്പുഴ, മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. പള്ളുരുത്തി എസ്.ഡി.പി.വൈ. സ്കൂളിൽ പഠിക്കുമ്പോഴാണ് വർഗ്ഗീസ് നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. സ്ക്കൂൾ വാർഷികദിനത്തിൽ അവതരിപ്പിച്ച നാടകത്തിൽ ജൂലിയസ് സീസറായിട്ടായിരുന്നു ആദ്യ വേഷം. പിന്നീട് കണിച്ചുകുളങ്ങര സ്കൂളിൽ പഠിക്കുമ്പോഴാണ് കലയിൽ കൂടുതൽ ശ്രദ്ധകൊടുത്തത്. തിക്കോടിയന്റെ 'ജീവിതം' എന്ന കൃതി നാടകരൂപത്തിലാക്കി അവതരിപ്പിച്ചപ്പോൾ അതിലെ പ്രധാന വേഷം ചെയ്തത് വർഗ്ഗീസായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം നാടകത്തിൽ സജീവമായി. 1954 -ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമി എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണം നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രൊഫഷണൽ നാടക ട്രൂപ്പുകളിലും വർഗ്ഗീസ് കാട്ടിപ്പറമ്പൻ അഭിനയിച്ചിരുന്നു. സ്റ്റേജിലെ സത്യൻ എന്നായിരുന്നു അദ്ദേഹത്തെ ആ കാലത്ത് വിശേഷിപ്പിച്ചിരുന്നത്.
1971 -ലാണ് വർഗ്ഗീസ് കാട്ടിപ്പറമ്പൻ സിനിമയിലേയ്ക് പ്രവേശിയ്ക്കുന്നത്. പ്രസാദ് എന്ന പേരിലായിരുന്നു സിനിമയിൽ അറിയപ്പെട്ടത്. അനാഥ ശിൽപ്പങ്ങൾ ആയിരുന്നു ആദ്യചിത്രം നായകനായിട്ടായിരുന്നു അഭിനയിച്ചത്. തുടർന്ന് സുമംഗലി എന്ന സിനിമയിൽ ഷീലയുടെയും, ലക്ഷ്യം എന്ന സിനിമയിൽ ജയഭാരതിയുടെയും നായകനായി അഭിനയിച്ചു. അതിനുശേഷം രണ്ടു മൂന്ന് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സിനിമകളൂടെ ഷൂട്ടിംഗ് തടസ്സപ്പെടുകയും ചെയ്തു. നാട്ടിലേയ്ക്ക് മടങ്ങിയ പ്രസാദ് നാടകങ്ങളിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി. വീണ്ടും നാടകങ്ങളിൽ സജീവമായി. നാടകാഭിനയത്തിനിടയിൽ ഇത്തിരിനേരം ഒത്തിരി കാര്യം, വാരഫലം എന്നീ സിനിമകളിൽ കൂടി പ്രസാദ് അഭിനയിച്ചു. തലമുറകൾ എന്ന മെഗാ സീരിയലിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അവലംബം : മാതൃഭൂമി,