പ്രഭ ആർ കൃഷ്ണൻ
രാധാകൃഷ്ണന്റേയും പത്മിനിയുടേയും മകളായി കോഴിക്കോട് ജനിച്ചു. പ്രഭ പഠിച്ചതും വളർന്നതും ഗുരുവായൂരായിരുന്നു. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് സ്കൂൾ, ഡീപോൾ ഇംഗ്ളീഷ് മീഡിയം സ്കൂൾ, ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു പ്രഭയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കോയമ്പത്തൂർ KCT കോളേജിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ ബിരുദം കർസ്ഥമാക്കിയ പ്രഭ കസ്തൂരിമാൻ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി പ്രവർത്തിച്ചുകൊണ്ടായിരുന്നു സിനിമാ മേഖലയിലേക്ക് പ്രവേശിച്ചത്.
വിവാഹത്തിനു ശേഷം യു എ ഇ യിലേക്ക് താമസം മാറ്റി എങ്കിലും അഞ്ച് വർഷങ്ങൾക്ക് ശേഷം ഇൻഡ്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. പിന്നീട് തൃപ്രയാറിലെ ഒരു പ്രൈവറ്റ് കോളേജിൽ ഫാഷൻ ടെക്നോളജി ലെക്ചറർ ആയി ജോലി ചെയ്തു. ഡെൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഫാഷൻ ടെക്സ്റ്റൈൽ സംബന്ധമായ ജോലികൾ ചെയ്യുകയുണ്ടായി. ഇപ്പോൾ സിനിമ, സീരിയൽ, പരസ്യമോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രഭ പരസ്യങ്ങൾക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈനർ ആയും ജോലി ചെയ്യുന്നുണ്ട്. ഗൃഹലക്ഷ്മി മിസസ് കേരള പേജൻ്റ് ഷോയിലും, സെലിബ്രിറ്റി റാമ്പ് വാക്കിലും വിജയി ആയിരുന്ന പ്രഭ മോഡലിംഗ് രംഗത്ത് സജീവമാണ്.
ആർക്കറിയാം എന്ന സിനിമയിലൂടെയാണ് പ്രഭ ആർ കൃഷ്ണൻ സിനിമാ അഭിനയത്തിൽ തുടക്കം കുറിച്ചത്. തുടർന്ന് തല്ലുമാല, അനുരാഗം, കായ്പോള, കഥ ഇന്നുവരെ, സീക്രെട്ട് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമയ്ക്ക് പുറമേ ഏഷ്യാനെറ്റിലെ "സാന്ത്വനം", മഴവിൽ മനോരമയിൽ "എന്നുo സമ്മതം", സൂര്യയിലെ "വർണപകിട്ട്" എന്നീ സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തിരുന്നു.
പ്രഭ ആർ കൃഷ്ണന് ഒരു മകൻ ഉണ്ട്. പേര് അർജുൻ കൃഷ്ണ.