പൂജ രാമചന്ദ്രൻ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 മാർച്ച് 22 ന് സൈനികോദ്യോഗസ്ഥനായ രാമചന്ദ്രന്റെ മകളായി ബാംഗ്ളൂരിൽ ജനിച്ചു. പൂജ രാമചന്ദ്രൻ എട്ടാം വയസ്സിൽ പരസ്യങ്ങൾക്ക് മോഡലാകാൻ തുടങ്ങി. മോഡലിംഗിൽ സജീവമായിനിൽക്കുന്നതിനിടയിൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തു. 2006 ൽ പൂജ എസ് എസ് മ്യൂസിക്ക് ചാനലിൽ അവതാരികയായി. തുടർന്ന് ജയ ടിവിയുൾപ്പെടെ പല ചാനലുകളിലെ വിവിധ പരിപാടികളുടെ അവതാരികയായി.
സ്റ്റാർ വിജയ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാഞ്ചന എന്ന സീരിയലിൽ പൂജ അഭിനയിച്ചു. 2012 ൽ കാതലിൽ സൊതപ്പുവദു എപ്പടി/ ലൈവ് ഫെയ്ലർ എന്നീ പേരുകളിൽ തമിഴിലും തെലുങ്കിലുമായി ഇറങ്ങിയ സിനിമയിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമകളിൽ സജീവമായി. 2013 ൽ ലക്കിസ്റ്റാർ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. അതിനുശേഷം അന്വേഷണം എന്ന സിനിമയിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലുമായി പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.