പി സുരേഷ്‌കുമാര്‍
ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് പി.സുരേഷ്‌കുമാർ. നാടകങ്ങളിലൂടെയാണ് സുരേഷ്‌കുമാർ കലാരംഗത്തേക്കെത്തുന്നത്. കെ പി എ സിയ്ക്കു വേണ്ടിയും നടൻ രാജൻ പി ദേവിന്റെ ജൂബിലി തിയ്യേറ്ററിന് വേണ്ടിയും അദ്ദേഹം നാടകങ്ങൾ എഴുതിയിട്ടുണ്ട്. വിഷസർപ്പത്തിന് വിളക്ക് വെക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരം കൊള്ളുന്ന കാട്ടുപൂക്കൾ, അഹം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. വിഷസർപ്പത്തിന് വിളക്ക് വെക്കരുത് എന്ന നാടകത്തിന് ശക്തി അവാർഡ് ലഭിച്ചിരുന്നു.
2000 -ത്തിൽ ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് സുരേഷ്‌കുമാർ ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ വിനയപൂർവ്വം വിദ്യാധരൻ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചു. തുടർന്ന് ഭർത്താവുദ്യോഗം, ദീപങ്ങൾ സാക്ഷി എന്നീ സിനിമകൾക്ക് തിരക്കഥ സംഭാഷണം രചിച്ചു. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയുടെ സംഭാഷണം രചിച്ചതും സുരേഷ്‌കുമാർ ആയിരുന്നു. 1993 -ൽ രാജൻ പി ദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കടൽപ്പൊന്ന് എന്ന ടെലിഫിലിമിന്റെ കഥയും തിരക്കഥയും രചിച്ചത് സുരേഷ്‌കുമാറായിരുന്നു.
പി സുരേഷ്‌കുമാറിന്റെ ഭാര്യ ജയ. ആർഷ, പരേതനായ സിബിരാജ്. 2025 മാർച്ചിൽ സുരേഷ്‌കുമാർ അന്തരിച്ചു.