ഒ മാധവൻ

O Madhavan
Date of Birth: 
Friday, 27 January, 1922
Date of Death: 
Friday, 19 August, 2005

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ ചുനക്കരയിലാണ് ഒ മാധവൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അണ്ണാമല സര്‍വ്വകലാശാല, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടി. 1946 -ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തി.1949 -ല്‍ കമ്യൂണിസ്റ്റ് അനുഭാവിയായി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി. പതിനെട്ട് വര്‍ഷം കൊല്ലം വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു അദ്ധേഹം.

തന്‍റെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമല്ല കലാപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ മാധവന്‍ കെ.പി.എ.സിയിലെത്തി. ഇവിടെ എട്ടു വര്‍ഷം നടനായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളിലൂടെ മാധവന്‍റെ പ്രതിഭ ജനങ്ങളറിഞ്ഞു. പിന്നീട് സ്വന്തം നാടകട്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ചു. ഭാര്യയും സഹോദരിയും മക്കളും അതിന്റെ ഭാഗമായി. ഒ മാധവന്‍ എണ്ണായിരത്തിലധികം നാടകവേദികളില്‍ അഭിനയിച്ചിട്ടുണ്ട്. തിക്കോടിയന്‍ പുരസ്കാരം, ടി.എന്‍. പുരസ്കാരം എന്നിവ മാധവനെത്തേടിയെത്തിയ ബഹുമതികളാണ്.

1955 -ൽ ഇറങ്ങിയ കാലം മാറുന്നു എന്ന സിനിമയിലൂടെയാണ് ഒ മാധവൻ ആദ്യമായി ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് വിയർപ്പിന്റെ വിലഡോക്ടർസായാഹ്നം എന്നിവയുൾപ്പെടെ എട്ട് സിനിമകളിൽ അഭിനയിച്ചു. ആർ ശരത്ത് സംവിധാനം ചെയ്ത സായാഹ്നത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അദ്ധേഹം അർഹനായി. ഒ മാധവൻ രചിച്ച ആത്മകഥയാണ് "ഓർമ്മഛായകൾ".

പ്രശസ്ത നടിയായ വിജയകുമാരിയാണ് ഒ മാധവന്റെ ഭാര്യ. ചലച്ചിത്രതാരം മുകേഷ്, നാടകനടി സന്ധ്യ എന്നിവര്‍ മക്കളും സിനിമാ നാടക അഭിനേതാവായ രാജേന്ദ്രന്‍ മരുമകനുമാണ്.. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2005 ആഗസ്ത് 19 -ന് അദ്ധേഹം അന്തരിച്ചു.