ഞാനേ സരസ്വതി
ഞാനേ സരസ്വതി ഞാനേ ലക്ഷ്‌മി
ഞാനേ ഭദ്രകാളീ
താമസിയായതും രാജസിയായതും
സാത്വികിയായതും ഞാനേ...ഞാനേ
(ഞാനേ...)
കല്‌പാന്തത്തില്‍ പ്രളയജലത്തില്‍
ശ്രീഹരി നിദ്രയിലാണ്ടു
ദേവന്റെ കര്‍ണ്ണപുടത്തില്‍നിന്നും
മധുകൈരഭന്മാര്‍ പിറന്നു
അതിശക്തന്മാര്‍ അസുരന്മാരവര്‍
ബ്രഹ്‌മഹത്യയ്ക്കൊരുങ്ങി
സംഭ്രമംപൂണ്ടു വിരിഞ്ചന്‍ വിളിച്ചു
താമസി ഞാന്‍ വിളികേട്ടു
മഹിഷാസുരന്റെ മദം തീര്‍ക്കുവാന്‍ ഞാന്‍
വന്നു മഹാകാളിയായി
സുരലോകതേജസ്സു സര്‍വ്വവുമൊന്നായ
സാക്ഷാല്‍ മഹാദേവിയായി
പരമേശ്വരന്‍ തന്നു വദനം
വിഷ്‌ണുദേവന്‍ തന്നു കൈകള്‍
യമധര്‍മ്മതേജസ്സില്‍നിന്നും വളര്‍ന്നുല-
ഞ്ഞാടീയിരുണ്ട കാര്‍കൂന്തല്‍
ബ്രഹ്മതേജസ്സില്‍നിന്നുണ്ടായി പാദങ്ങള്‍
ചന്ദ്രനില്‍നിന്നും സ്‌തനങ്ങള്‍
അഗ്നിത്രയത്തിന്റെ തേജസ്സില്‍നിന്നും
ആലോല നയനങ്ങളുണ്ടായ്
ഹിമവാന്‍ കനിഞ്ഞേകി സിംഹമാം വാഹനം
ശിവനേകി തന്റെ ത്രിശൂലം
അലറിക്കുതിച്ചു ഞാന്‍ പാഞ്ഞൂ
അണ്ഡകടാഹം നടുങ്ങി
അസുരസൈന്യത്തെ ഹനിച്ചു
മഹിഷാസുരനെ വധിച്ചു
ചണ്ഡമുണ്ഡാസുരന്മാരെയൊടുക്കാന്‍
ചാമുണ്ഡിയായി ഞാന്‍ മാറി
ശുംഭനിശുംഭാസുരന്മാരെയും കൊന്നു
സംഹാരതാണ്ഡവമാടി
കൗശികി ഞാന്‍ കാളിക ഞാന്‍
ശാംഭവി ഞാന്‍ ചണ്ഡിക ഞാന്‍
സൃഷ്‌ടിസ്ഥിതി സംഹാരം ഞാന്‍
മഹാലക്ഷ്‌മീ മഹാകാളീ
മഹാകന്യാ സരസ്വതീ
ദശാഷ്‌ടക ഭുജാദേവീ
ശുംഭാസുരനിബര്‍ഹിണീ
മഹിഷാസുരമര്‍ദ്ദിനീ
മഹാപ്രളയസാക്ഷിണീ
പ്രസീദ പ്രസീദ പ്രസീദ...