കുഞ്ചൻ നമ്പ്യാർ

Kunjan nambiar
Date of Birth: 
ചൊവ്വ, 5 May, 1705
എഴുതിയ ഗാനങ്ങൾ: 2

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ  കുഞ്ചന്‍ നമ്പ്യാരുടെ ജനനത്തെ പറ്റി കൃത്യമായ വിവരമില്ലെങ്കിലും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത് കിള്ളിക്കുരിശ്ശിമംഗലത്തെ കലക്കത്തുഭവനത്തില്‍ നങ്ങ്യാരുടെ മകനായി 1705 മെയ് 5 -ന് ജനിച്ചു എന്നാണ്. ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞശേഷം പിതാവിനോടൊത്ത് കിടങ്ങൂരെത്തിയ നമ്പ്യാര്‍ കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന് അമ്പലപ്പുഴ ചെന്ന് ദേവനാരായണ രാജാവിന്‍റെ ആശ്രിതനായിക്കഴിഞ്ഞ മാത്തൂര്‍ പണിക്കരുടെ കീഴില്‍ കളരിയഭ്യാസം നടത്തി. ദ്രോണാമ്പള്ളി നായ്ക്കര്‍/നന്ദിക്കാട്ട് ഉണ്ണിരവി കുറുപ്പ് എന്നിവരുടെ അടുക്കല്‍ നിന്ന് ഉപരിപഠനം നടത്തി. സുന്ദോപസുന്ദോപാഖ്യാനം തുള്ളലിലും മറ്റും ഈ ഗുരുക്കന്മാരെ നമ്പ്യാര്‍ സ്തുതിക്കുന്നുണ്ട്. മറ്റു നമ്പ്യാന്മാരെപ്പോലെ കുഞ്ചനും ആദ്യകാലത്ത് ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിവന്നിരുന്നു. ഒരു ദിവസം കൂത്തിനിടയ്ക്ക് ഉറങ്ങിപ്പോയ അദ്ദേഹത്തെ ചാക്യാർ പരസ്യമായ പരിഹാസിച്ചു എന്നും, അതിനുപകരം വീട്ടാനായി പിറ്റേന്ന് പകല്‍ എഴുതിത്തയ്യാറാക്കിയ കല്യാണസൗഗന്ധികം തുള്ളല്‍ അന്ന് രാത്രിതന്നെ ക്ഷേത്രവളപ്പില്‍ അവതരിപ്പിക്കുകയും ജനങ്ങളെല്ലാം കൂത്ത് കാണൽ നിറുത്തി തുള്ളൽ കാണാൻ വന്നു എന്നു, അങ്ങിനെ തന്നെ പരിഹസിച്ച ചാക്യാരോട് അദ്ദേഹം പകരം വീട്ടി എന്നൊരു കഥയുണ്ട്.

.അനേകം തുള്ളല്‍ കാവ്യങ്ങളെഴുതി ജനകീയ കവി എന്ന നിലയില്‍ നമ്പ്യാര്‍ വിഖ്യാതനായി. ഓട്ടന്‍/പറയന്‍/ശീതങ്കന്‍ എന്നീ മൂന്നുതരം തുള്ളലുകള്‍ക്കുള്ള കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ കഥകളുടെ ചട്ടക്കൂട്ടില്‍ അമ്പലപ്പുഴയിലെയും തിരുവനന്തപുരത്തെയും ജനജീവിത യാഥാര്‍ത്ഥ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് സമകാലിക പ്രസക്തിയുള്ള കാവ്യങ്ങളാണ്  അദ്ദേഹം തയ്യാറാക്കിയിരുന്നത്. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞു.കേരളീയ ഭരണാധികാരികളേയും സമൂഹത്തിലെ സ്ഥാനീയരേയും അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണ ഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് നമ്പ്യാർ കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്.

സന്താനഗോപാലം / ബാണയുദ്ധം/സ്യമന്തകം / ഘോഷയാത്ര/കിരാതം / നളചരിതം / സീതാസ്വയംവരം എന്നിങ്ങനെ ഇരുപത്തി മൂന്നിൽ പരം ഓട്ടന്‍ തുള്ളലുകളും. കല്യാണസൗഗന്ധികം / ഗണപതിപ്രാതല്‍ / സുന്ദോപസുന്ദോപാഖ്യാനം / ധ്രുവചരിതം / കാളിയമര്‍ദ്ദനം എന്നിങ്ങനെ പതിനാലോളം ശീതങ്കന്‍ തുള്ളലുകളും. ത്രിപുരദഹനം / പാഞ്ചാലിസ്വയംവരം / സഭാപ്രവേശം / കീചകവധം എന്നിങ്ങനെ പത്തോളം പറയന്‍ തുള്ളലുകളും കുഞ്ചന്‍ നമ്പ്യാര്‍ സംഭാവന ചെയ്തിട്ടുണ്ട്. ബാണയുദ്ധം ആട്ടക്കഥ / ശീലാവതി നാലുവൃത്തം / രാസക്രീഡ കിളിപ്പാട്ട് / ശ്രീകൃഷ്ണചരിതം / മണിപ്രവാളം തുടങ്ങിയ തുള്ളലുകള്‍ അല്ലാത്ത ചില കൃതികളും അദ്ദേഹത്തിന്‍റെ രചനകളായി കണക്കാക്കപ്പെടുന്നു. 1746 -ൽ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോള്‍  തിരുവനന്തപുരത്തെത്തിയ കുഞ്ചൻ നമ്പ്യാർ  \മാര്‍ത്താണ്ഡവര്‍മ്മയുടെ കവിസദസ്സില്‍ രാമപുരത്തുവാരിയര്‍, ഉണ്ണായിവാരിയര്‍ എന്നിവരോടൊപ്പം കൊട്ടാരത്തിൽ ഉണ്ടായിരുന്നു. 

കുഞ്ചൻ നമ്പ്യാരുടെ ചില കൃതികൾ മലയാള സിനിമകളിൽ ഗാനങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. 1961 -ൽ ഇറങ്ങിയ ഭക്തകുചേല എന്ന സിനിമയിൽ "അരേ ദുരാചാര.. എന്ന് തുടങ്ങുന്ന കവിത ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ പി.ലീലയുടെ സ്വരത്തിൽ ഗാനമായി ഉൾപ്പെടുത്തിയിരുന്നു. അതിനുശേഷം 1973 -ൽ ഇറങ്ങിയ ദിവ്യദർശനം എന്ന ചിത്രത്തിൽ "ഉടലതിരമ്യമൊരുത്തനു.. എന്നാരംഭിക്കുന്ന നമ്പ്യാർ കവിത എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ ശ്രീലത നമ്പൂതിരി ആലപിച്ച ഗാനമായി ചേർത്തിരുന്നു.

1770 -ലാണ് കുഞ്ചൻ നമ്പ്യാർ അന്തരിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.