ഗുർബച്ചൻ സിങ്ങ്
പഞ്ചാബിലെ ഗുർദാസ്പൂരിൽ ഒരു തഹസിൽദാരുടെ മകനായി ജനിച്ച ഗുർബച്ചൻ സിങ്ങ് ചെറുപ്പത്തിൽത്തന്നെ ഗുസ്തിയിൽ പരിശീലനം നേടി. അഭിനയത്തോടും വലിയ ഭ്രമമുണ്ടായിരുന്നു ഇദ്ദേഹത്തിന്.. പ്രശസ്ത ഹിന്ദി നടനായ ധർമ്മന്ദ്രയുടെ സഹോദരൻ അജിത് ഡിയോളിൻ്റെ സുഹൃത്തുകൂടിയായ തൻ്റെ പിതാവിൻ്റെ ശുപാർശക്കത്തുമായി ഗുർബച്ചൻ 1970 ൽ ധർമ്മേന്ദ്രയെ കാണാൻ ബോംബെയിലെത്തിയത് സിനിമ ലക്ഷ്യം വച്ചാണ്. ധർമ്മന്ദ്ര അദ്ദേഹത്തെ തൻ്റെകൂടെ നിർത്തുകയും ബോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് ഡയറക്ടർമാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു... നായകന്മാർക്കും മറ്റും ഡ്യൂപ്പ് ചെയ്തു കൊണ്ട് ഗുർബച്ചൻ സിങ്ങിൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്..
ആക്ഷൻ സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അഭിനയത്തിലും ശ്രദ്ധേയനായ ഇദ്ദേഹം വിവിധ സ്റ്റണ്ട് മാസ്റ്റർമാരുടെ അസിസ്റ്റൻ്റായും ജോലി ചെയ്തിട്ടുണ്ട്. ഇരുന്നൂറ്റൻപതോളം ഹിന്ദിചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഒട്ടേറെ പഞ്ചാബി സിനിമകളിലും മറ്റുഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഹിസ് ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം എന്നീ സിനിമകളിൽ വേഷമിട്ടു.