ഡോ പി എം മാത്യൂ വെല്ലൂർ
തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു. സർവവിജ്ഞാനകോശത്തിൽ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു.
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയിൽ 1933 ജനുവരിയിൽ പാലയ്ക്കൽതാഴെ കുടുംബത്തിലാണ് ജനിച്ചത്. കേരള സർവകലാശാലയിൽനിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. ചികിത്സാ മനഃശാസ്ത്രത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 1970 വരെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മനോരോഗവിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായും മെഡിക്കൽ കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മനഃശാസ്ത്രപരമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
'അച്ഛാ ഞാൻ എവിടെനിന്നു വന്നു?', 'കുമാരീകുമാരന്മാരുടെ പ്രശ്നങ്ങൾ', 'കുടുംബജീവിതം', 'ബാല്യം കൗമാരം യൗവനം വാർദ്ധക്യം', 'അച്ഛൻ കുട്ടിയായിരുന്നപ്പോൾ', 'നിങ്ങളുടെ ജീവിതപ്രശ്നങ്ങൾ', 'അഴിയുന്ന കുരുക്കുകൾ', 'മാനസിക പ്രശ്നങ്ങൾ', 'എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം? റാങ്ക് നേടാൻ', 'ദാമ്പത്യം ബന്ധം ബന്ധനം' എന്നിവയാണ് മുഖ്യകൃതികൾ. 'രതിവിജ്ഞാനകോശം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ്.
നാടകാഭിനയം, ശില്പകല, കാർട്ടൂൺ രചന എന്നിവയിലും നിഷ്ണാതനായിരുന്ന അദ്ദേഹം, ലെനിൻ രാജേന്ദ്രന്റെ 'രാത്രിമഴ', അടൂരിന്റെ 'നിഴൽക്കുത്ത്', കെ.ജി.ജോർജിന്റെ 'ഈ കണ്ണി കൂടി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്