അവന്തിക മോഹൻ
മലയാള ചലച്ചിത്ര, സീരിയൽ നടി. 1990 ജൂൺ 17 ന് കോഴിക്കോട് സ്വദേശികളുടെ മകളായി ദുബായിൽ ജനിച്ചു. സ്ക്കൂൾ പഠനം പൂർത്തിയായതിനുശേഷം അവന്തിക ഫാമിലിയൊടൊപ്പം കേരളത്തിലേയ്ക്ക് താമസം മാറ്റി. നർത്തകി കൂടിയായ അവന്തിക കേരളത്തിൽ മോഡലിംഗിലും സൗന്ദര്യ മത്സരത്തിലുമെല്ലാം പങ്കെടുക്കാൻ തുടങ്ങി. 2011 ൽ മിസ് മലബാറായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മോഡലിംഗിൽ സജീവമാകുകയും സിനിമാഭിനയത്തിലേയ്ക്ക് ചുവടു വെയ്ക്കുകയും ചെയ്തു.
അവന്തികയുടെ ആദ്യ സിനിമാഭിനയം 2012 ലായിരുന്നു. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത് യക്ഷി ഫെയ്ത്ഫുൾ യുവേഴ്സ് ആയിരുന്നു ആദ്യ ചിത്രം. ഒരു യക്ഷിയായിട്ടായിരുന്നു അവന്തിക ആ ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് മിസ്റ്റർ ബീൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. എ ക്രോക്കോഡൈൽ ലൗവ് സ്റ്റോറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 ൽ അലാമരം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ആ വർഷം തന്നെ Vundile Manchi Kalam Mundu Munduna എന്ന തെലുങ്കു ചിത്രത്തിലും അവന്തിക അഭിനയിച്ചിരുന്നു. 2016 ൽ പ്രീതിയല്ലി സഹജ എന്ന കന്നഡ സിനിമയിലും അഭിനയിച്ചു.
അവന്തിക മോഹൻ 2015 മുതൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങി. 2015 ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ആത്മ സഖി ആയിരുന്നു ആദ്യ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലെ സീരിയലുകളിൽ അഭിനയിച്ചു. 2017 ൽ അവന്തിക വിവാഹിതയായി. അനിൽ കുമാർ എന്നാണ് ഭർത്താവിന്റെ പേര്. ഒരു ആൺകുട്ടിയാണ് അവന്തിക - അനിൽ കുമാർ ദമ്പതികൾക്കുള്ളത്.