നെയ്യാറ്റിങ്കര കോമളം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കര സ്വദേശിയാണ് നെയ്യാറ്റിങ്കര കോമളം എന്ന കോമള മേനോൻ. നെയ്യാറ്റിൻകര സെയ്‌ന്റ് തെരേസാസ് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് അപൂർവമായി ചലച്ചിത്രങ്ങൾ കാണാനുള്ള അവസരങ്ങൾ കോമളത്തിനു ലഭിച്ചിരുന്നു. അങ്ങനെയാണ് സിനിമാഭിനയത്തോട് താത്പര്യമുണ്ടായത്. സഹോദരിയുടെ ഭർത്താവ് കൊച്ചാലം കൃഷ്ണൻനായർ നെയ്യാറ്റിൻകര ശ്രീകൃഷ്ണാ ടാക്കീസിന്റെ മാനേജരായിരുന്നു. സിനിമ കാണാൻ കോമളവും കുടുംബവും തിയേറ്ററിലെത്തിയപ്പോഴാണ് നല്ലതങ്ക എന്ന സിനിമയ്ക്ക് വേണ്ടി നായികയെ അന്വേഷിച്ച് നടന്നിരുന്ന കുഞ്ചാക്കോ ടാക്കീസിന്റെ ഉടമയെ കാണാൻ അവിടെ എത്തിയത്. കോമളയെ കണ്ടിഷ്ടപ്പെട്ട കുഞ്ചാക്കോ അവരെ തിരഞ്ഞെടുത്തു. വീട്ടുകാരോടൊപ്പം ഉദയ സ്റ്റുഡിയോയിലെത്തി മേക്കപ്പ് ടെസ്റ്റ് നടത്തിയെങ്കിലും ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് കോമള മേനോന് ആ അവസരം ഉപേക്ഷിക്കേണ്ടി വന്നു.
സഹോദരീഭർത്താവിലൂടെത്തന്നെ അടുത്ത ചിത്രത്തിലേക്കുള്ള ക്ഷണമെത്തി. വനമാല എന്ന സിനിമയിലാണ് അവസരം ലഭിച്ചത്. സിനിമയിൽ സെമീന്ദാരുടെ മകളായ മാല എന്ന കഥാപാത്രമായി കോമളവും നായകനായി പി.എ.തോമസും അഭിനയിച്ചു. അതിനുശേഷം മരുമകൾ, ന്യൂസ് പേപ്പർ ബോയ് എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ നായികയായ കോമളം പ്രേംനസീറിന്റെ ആദ്യ നായിക എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ന്യൂസ് പേപ്പർ ബോയ്’ എന്ന മലയാളത്തിലെ ആദ്യ നവറിയലിസ്റ്റിക് സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നെയ്യാറ്റിങ്കര കോമളം മലയാള സിനിമ ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി.
പ്രേംനസീർ ഫൌണ്ടേഷന്റെ പ്രേംനസീർ അവാർഡ് കോമളത്തിന് ലഭിച്ചിട്ടുണ്ട്.
2024 ഒക്റ്റോബറിൽ 96 -ആം വയസ്സിൽ നെയ്യാറ്റിങ്കര കോമളം അന്തരിച്ചു.